X

10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വിമാനയാത്രാ നിരക്ക് പകുതിയായി

 റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രവാസി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 10 വര്‍ഷത്തിനകം വിമാന നിരക്കിലുണ്ടായ മാറ്റമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. നേരത്തെ രണ്ടുവര്‍ഷത്തില്‍ ഒരുതവണ മാത്രം നാട്ടിലേക്ക് പോയിരുന്ന പ്രവാസികള്‍ പലരും ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണ യാത്ര ചെയ്യുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു പതിറ്റാണ്ടിനുമുമ്പ് ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന നിരക്കിന്റെ നാലിലൊന്ന് മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.

ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയാണ് പ്രവാസികള്‍ പലരും വര്‍ഷത്തില്‍ രണ്ടുതവണ പോകുന്ന രീതിക്ക് തുടക്കമായത്. സാധാരണക്കാരും ഇടത്തരക്കാരും തങ്ങളുടെ കുടുംബത്തെ കാണാനുള്ള നീണ്ട കാത്തിരിപ്പിന് പകരം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കാണുകയെന്ന ആശയാണ് ഇപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. വാര്‍ഷിക അവധിക്കുപുറമെ വിശേഷ ദിവസങ്ങളോടനുബന്ധിച്ചു ലഭിക്കുന്ന മൂന്നോ നാലോ ദിവസത്തെ അവധി പ്രയോജനപ്പെടുത്തിയാണ് പ്രവാസികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.

 

നിരക്ക് കുറച്ചതു മൂലമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കാനിടയാക്കിയത്. ഇത് വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലേക്ക് ഇത്രയേറെ എയര്‍ലൈനുകള്‍ സര്‍വ്വീസ് ഇല്ലാതിരുന്ന കാലത്ത് പല റൂട്ടുകളിലും നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഏകദേശം എല്ലാ സ ര്‍വ്വീസുകളിലും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യു.എ.ഇയില്‍ നിന്നും കേരളത്തിലേക്ക് മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 3000 ദിര്‍ഹം വരെയാണ് ഈടാക്കിയിരുന്നത്. സീസണ്‍ അല്ലാത്ത സമയങ്ങളിലും ഏകദേശം ഇതേ നിരക്ക് തന്നെയായിരുന്നു. അക്കാലത്ത് ഗള്‍ഫിലേക്കുള്ള വ്യോമഗതാഗതം എയര്‍ഇന്ത്യയുടെ കുത്തകയായിരുന്നു.

ഇതര എയര്‍ലൈനുകളുടെ ആഗമനത്തോടെയാണ് വിമാനനിരക്കില്‍ കാര്യമായ കുറവുണ്ടായത്. സാധാരണ സമയങ്ങളില്‍ ഇപ്പോള്‍ 600 ദിര്‍ഹത്തിന് നാട്ടില്‍ പോയി വരാന്‍ കഴിയുന്ന തരത്തില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബങ്ങളിലെ ചെ റിയ ആവശ്യങ്ങള്‍ക്കുപോലും പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നുവെന്നത് വലിയ ആശ്വാസമായാണ് കാണുന്നത്.
നേരത്തെ സ്വന്തം വീട്ടിലെ വിവാഹങ്ങള്‍ പോലും വീഡിയോയിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെട്ടിരുന്ന പ്രവാസിക്ക് വിമാന നിരക്കിലുണ്ടായ മാറ്റം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കണക്കാക്കുന്നത്.

അതേസമയം തിരക്കേറിയ സമയങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് സാമ്പത്തികമായി വന്‍ബാധ്യതയാണ് ഉണ്ടാക്കുന്നത്. വേനല്‍ അവധിക്കാലത്തും നിരക്ക് കുറക്കുകയാണെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി യാത്രക്കാര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. സാധാരണ സമയങ്ങളില്‍ 600 ദിര്‍ഹമിന് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് അനുവദിക്കുന്നവര്‍ വേനല്‍ അവധിക്കാലത്തും പെരുന്നാള്‍ സമയങ്ങളിലും ഇരട്ടി ഈടാക്കിയാലും വിരോധമില്ല എന്നതാണ് പ്രവാസികളുടെ നിലപാട്.

എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് നിരക്ക് പ്രഖ്യാപനം നടത്തുന്നത്. ജൂണ്‍,ജൂലൈ മാസങ്ങളില്‍ 3500-4000 ദിര്‍ഹം വരെയാണ് നിരക്ക് ഈടാക്കുന്നത്. പലപ്പോഴും നാട്ടില്‍ നിന്ന് തിരിച്ചുവരാന്‍ മാത്രം അരലക്ഷം രൂപ വരെ നല്‍കേണ്ടിവരുന്ന സമയങ്ങളുണ്ടാകുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. എക്‌സ്പ്രസ്സിന് നിരക്ക് കുറയുന്നതോടെ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായിത്തീരും. താഴെ കിടയിലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജൂണ്‍,ജൂലൈ മാസങ്ങളില്‍ വാര്‍ഷിക അവധി വന്നുചേരുന്നുണ്ട്.

 

600-700 ദിര്‍ഹമിന് പോലും ജോലി ചെയ്യുന്ന ഇവര്‍ ടിക്കറ്റിന് അഞ്ചും ആറും മാ സത്തെ ശമ്പളം നല്‍കേണ്ടിവരുന്നുവെന്നതാണ് വസ്തുത. ഇതുമൂലം ഇവരില്‍ പ ലര്‍ക്കും പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം നഷ്ടപ്പെടുകപോലും ചെയ്യുന്നു. യഥാസമയം അവധിയെടുത്തില്ലെങ്കില്‍ പിന്നെ മാസങ്ങള്‍ക്കുശേഷമോ അടുത്ത വര്‍ഷമോ അവധി ലഭിക്കുകയുള്ളുവെന്നതും ഇവരെ ഏറെ ദുരിതത്തിലാക്കി മാറ്റുന്നു. അവധിക്കാലത്തെയും വിശേഷ സമയങ്ങളിലെയും നിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

 

ഇടക്കാലത്ത് എയര്‍ കേരള എന്ന ആശയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് പൂര്‍ണ്ണമായും ഇല്ലാതായ അവസ്ഥയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കര്‍ശന നിബന്ധനകളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുപ്പെടുന്നത്. പ്രവാസി ഭാരതീയ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ച ര്‍ച്ചകള്‍ വേണമെന്ന പ്രവാസികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

chandrika: