X

കനത്ത മൂടല്‍ മഞ്ഞ്: അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്ക്

അബുദാബി: രാജ്യത്ത് ഇന്നലെയും കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. രാത്രി ആരംഭിച്ച മൂടല്‍ മഞ്ഞ് കാലത്ത് 10മണിക്കുശേഷവും വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ട് സൃഷ്ടിച്ചു. വാഹനമോടിക്കുന്നവരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. ശക്തമായ മൂടിക്കെട്ടില്‍ പലരും ദിശയറിയാതെ ദുരിതത്തിലായി മാറുന്നുണ്ട്. ദീര്‍ഘദൂര പാതകള്‍ക്കുപുറമെ നഗര പ്രാന്തപ്രദേശങ്ങളിലും പല വാഹനങ്ങളും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു.

തൊട്ടടുത്തുള്ള ട്രാഫിക് ലൈറ്റുകള്‍,റൗണ്ടബൗട്ടുകള്‍,ഫ്‌ളൈ ഓവറുകള്‍ എന്നിവ ദൃശ്യമാകാത്തതുമൂലം നിരവധി വാഹനങ്ങള്‍ തലനാരിഴക്കാണ് വന്‍ അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്. ദീര്‍ഘദൂരങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ പലതും ദൂ രക്കാഴ്ച തീരെ ഇല്ലാത്തതുമൂലം തങ്ങളുടെ സ്ഥലവും കഴിഞ്ഞു കടന്നുപോകുന്നതായി അനുഭവസ്ഥര്‍ പറയുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവ,സില,ബദാസായിദ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ വസ്തുക്കള്‍ വിതരണത്തിനു പോകുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.

 
നേരം പുലരുന്നതിനുമുമ്പ് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ മുന്നോട്ട് പോകാനാവാതെ മണിക്കൂറുകളോളം പാതയോരങ്ങളില്‍ നിറുത്തിയിടുകയാണ് ചെയ്യുന്നത്. സൗദിഅറേബ്യയില്‍ നിന്നും പാലും പാല്‍ ഉല്‍പ്പന്നങ്ങളുമായി വരുന്ന വലിയ വാഹനങ്ങള്‍ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയാതെ വലയുകയാണ്. യു.എ.ഇയില്‍നിന്നും ഇതര അറബ് രാജ്യങ്ങളിലേക്കും മറ്റും പോകുന്ന വാഹനങ്ങ ള്‍ക്കും മൂടല്‍ മഞ്ഞില്‍ യാത്ര ദുഷ്‌കരമായിമാറിയിരിക്കുകയാണ്.ഒമാനില്‍ നിന്നും പച്ചക്കറികളുമായി വരുന്ന പിക്കപ്പ് വാഹനങ്ങളും മണിക്കൂറുക ള്‍ വൈകിയാണ് എത്തിച്ചേരുന്നത്. ചരക്ക് എത്തിച്ചേരുന്ന സമയത്തിന് യാതൊരുവിധ കൃത്യതയുമില്ലാത്തതിനാല്‍ മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരും കാത്തിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

 

ജോലി സ്ഥലങ്ങളില്‍ കൃത്യസമയത്ത് എ ത്തിപ്പെടാനാവാത്തതും പലര്‍ക്കും പ്രയാസകരമായി മാറിയിട്ടുണ്ട്. മഞ്ഞുകാലത്ത് വാഹനമോടിക്കുന്നവര്‍ അത്യധികം ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച തീരെ കുറവ് അനുഭവപ്പെടുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിടണമെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു.

അതേസമയം നിറുത്തിയിടുന്ന വാഹനങ്ങള്‍ റോഡില്‍ നിന്നും പരമാവധി വശത്തേക്ക് മാറ്റി ഒതുക്കിനിറുത്തണം. പിന്നാലെ വരുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇത്തരം കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് അറിയിക്കുന്നു.
വാഹനങ്ങള്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്ന പോലീസ് നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് വിവിധ പോലീ സ് മേധാവികള്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. മഞ്ഞുകാലം അപകട രഹിതമായിരിക്കണമെന്ന അധികൃതരുടെ അറിയിപ്പും ജാഗ്രതയും ഒരുപരിധി വരെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ട്.

chandrika: