X

ദുബൈ ഹാര്‍ബര്‍ പദ്ധതിക്ക് ശൈഖ് മുഹമ്മദ് തുടക്കമിട്ടു

ദുബൈ: എമിറേറ്റിന്റെ വികസനക്കുതിപ്പിന് മാറ്റു കൂട്ടുന്ന മറ്റൊരു വന്‍കിട പദ്ധതിക്കു കൂടി ദുബൈയില്‍ തുടക്കം. ദുബൈ ഹാര്‍ബര്‍ പദ്ധതി വികസനം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥക്ക് 2017 ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ മറീനയാണ് വാട്ടര്‍ ഫ്രണ്ട് പദ്ധതി വഴി രൂപപ്പെടുക.

 

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ സിവില്‍ എവിയേഷന്‍ അഥോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ ശൈഖ് അഹമദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജുമൈറ ബീച്ച് റസിഡന്‍സിനും പാം ജുമൈറക്കും ഇടയില്‍ കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് റോഡിലാണ് പദ്ധതി വികസിപ്പിക്കുന്നത്. മിനാ അല്‍ സിയാഹി എന്നും മേഖല അറിയപ്പെടുന്നു. ദുബൈയിലെ പ്രമുഖ ഹോള്‍ഡിംഗ് കമ്പനിയായ മിറാസ് ആണ് പദ്ധതി വികസിപ്പിക്കുന്നത്.
സ്‌കൈ ഡൈവ് ദുബൈ, ദുബൈ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ്, ലോഗോ ഐലന്റ് തുടങ്ങിയവ ഒറ്റ കമ്യൂണിറ്റിയില്‍ ഒതുക്കുന്ന തരത്തിലാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍. പ്രവൃത്തി ആരംഭിച്ചാല്‍ പദ്ധതി നാലു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും.മേഖലയിലെ ടൂറിസം ഭൂപടത്തില്‍ ഇത്തരമൊരു നൂതന പദ്ധതി കൂട്ടിച്ചേര്‍ക്കുന്നതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് ദുബൈ ഹാര്‍ബര്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. നിക്ഷേപകര്‍ക്ക് ഒരു നിര അവസരങ്ങളുണ്ടാക്കുന്ന പദ്ധതിയാണിത്. നിലവില്‍ ധ്രുതഗതിയില്‍ വളരുന്ന യു.എ.ഇ വിനോദ സഞ്ചാരമേഖലയെ ഉത്തേജിപ്പിക്കാന്‍ പദ്ധതി സഹായിക്കും. മേഖലയിലാകെയുള്ള വിനോദ സഞ്ചാര മേഖലക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

 

ഗള്‍ഫ് മേഖലയിലെ ദീര്‍ഘ കാല കടല്‍ പാരമ്പര്യത്തില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കടലുമായി നമ്മുടെ മേഖലക്ക് സുദീര്‍ഘവും ചരിത്രപരവുമായ ബന്ധമുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ഈ പൈതൃകത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് വികസനത്തിന്റെ മറ്റൊരു ചക്രവാളം തുറക്കുകയാണ്. വിനോദ സഞ്ചാര മേഖലയോട് നമുക്ക് തീവ്രമായ അടുപ്പമുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അതിന് നിര്‍ണായക സ്ഥാനമുണ്ടെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ലോക ഭൂപടത്തില്‍ പ്രധാന മാരിടൈം വിനോദ സഞ്ചാര കേന്ദ്രമെ ദുബൈയുടെ സ്ഥാനത്ത് കൂടുതല്‍ കരുത്തേകുന്നതാണ് പുതിയ പദ്ധതി. പാം ജുമൈറ, വരാനിരിക്കുന്ന ബ്ലൂ വാട്ടേഴ്‌സ് ഐലന്റ് പദ്ധതികളുടെ സാമീപ്യം ദുബൈ ഹാര്‍ബറിന്റെ വിനോദ സഞ്ചാര പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

chandrika: