ഗഫൂര്‍ ബേക്കല്‍
അബുദാബി: വാനില്‍ കരി മരുന്ന് വര്‍ണ്ണ കാഴ്ച വിരിയിച്ചു, വിനോദ കേന്ദ്രങ്ങള്‍ ജന നിബിഡം. പുതു വര്‍ഷത്തെ ജനങ്ങള്‍ ആര്‍പ്പ് വിളികളോടെ സ്വാഗതം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ പുതുവല്‍സരാഘോഷ പരിപാടികള്‍ക്ക് പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച ഉച്ച മുതല്‍ തന്നെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സന്ധ്യയായതോടെ ആഘോഷ കേന്ദ്രങ്ങളെല്ലാം ജന നിനിബിഡമായി. കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം തന്നെ നവവത്സര വരവ് ആഹ്ലാദകരമാക്കാന്‍ ഒത്തു കൂടി.
ആകാശത്ത് വര്‍ണ്ണ കാഴ്ചകള്‍ സമ്മാനിക്കുന്ന കരി മരുന്ന് പ്രയോഗമാണ് ഏറെ ആകര്‍ഷണീയമായത്. രാജ്യത്ത് പത്ത് കേന്ദ്രങ്ങള്‍ വമ്പന്‍ വെടികെട്ടിന് സാക്ഷ്യം വഹിച്ചു. അര്‍ദ്ധ രാത്രി 12 മണിക്ക് എല്ലായിടത്തും കരി മരുന്നിന് തിരി കൊളുത്തി. മിനിറ്റുകള്‍ മാത്രമാണ് ദൈര്‍ഘ്യമെങ്കിലും അത്യുജ്ജ്വലമായിരുന്നു പ്രകടനം. ശബ്ദവും കാഴ്ചയും സംയോജിക്കുന്ന വിസ്മയ പ്രകടനമായ കരിമരുന്ന് പ്രയോഗത്തിന് അകമ്പടിയായി ജനങ്ങള്‍ ഒന്നടങ്കം ആര്‍ത്തു വിളിക്കുകയും ചെയ്തതോടെ പുതു വര്‍ഷാരംഭം ആഹ്ലാദഭരിതമായി. കരി മരുന്ന് ദൃഷ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനും തത്സമയ കാഴ്ചകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതിനും മത്സരമായിരുന്നു എല്ലായിടത്തും.
ദുബൈയിലെ ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്, ബുര്‍ജുല്‍ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടല്‍, അബുദാബിയിലെ മരിയ ഐലന്‍ഡ്, യാസ് ഐലന്‍ഡ്, എമിറേറ്റ്‌സ് പാലസ്, മക്ത ബ്രിഡ്ജ്, ഷാര്‍ജയിലെ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫോണ്ട് തുടങ്ങിയവിടങ്ങള്‍ വമ്പന്‍ കരിമരുന്ന് പ്രയോഗത്തിന് വേദിയായി. ഷാര്‍ജയില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായ പുതുവത്സരാഘോഷ പരിപാടി ഒരുക്കുന്നത്. വിവിധ വിനോദ കേന്ദ്രങ്ങളില്‍ സംഗീത പരിപാടികളും അരങ്ങേറി. കോര്‍ണീഷുകള്‍ പുലരും വരെയും സജീവമായിരുന്നു.
പുതു വത്സരാഘോഷത്തിനു പാര്‍ക്കുകള്‍ തിരഞ്ഞെടുത്തവരും നിരവധി. പ്രധാനമായും കുടുംബങ്ങളാണ് പാര്‍ക്കുകളില്‍ നവ വര്‍ഷത്തെ സ്വീകരിക്കാന്‍ ഒത്തു കൂടിയത്. ഷീഷ വലിച്ചും, ബാര്‍ബിക്ക്യൂ ഒരുക്കിയും അവര്‍ സമയം ചെലവഴിച്ചു. തണുപ്പ് ശക്തമായതിനാല്‍ തീ കനല്‍ ഒരുക്കിയവരെയും കോര്‍ണീഷുകളിലും പാര്‍ക്കുകളിലും കാണാനായി. ചുറ്റുമിരുന്നു ചൂടേല്‍ക്കാന്‍ തിക്കും തിരക്കുമായിരുന്നു ഇവിടങ്ങളില്‍. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ മൂന്നു ദിവസത്തെ ഒഴിവ് കിട്ടിയതിനാല്‍ അയല്‍ രാജ്യങ്ങളിലെ വിനോദയിടങ്ങളിലേക്ക് തിരിച്ചവരും ഏറെ. എന്നാല്‍ അതിലേറെ പേര്‍ ദുബൈ അടക്കമുള്ള യു.എ.ഇ നഗരങ്ങളില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയിരുന്നു.