അബുദാബി: വഴി വാണിഭക്കാര്‍ക്ക് കൂച്ചു വിലങ്ങിട്ട് അബുദാബി നഗരസഭ. വ്യാപക പരിശോധനയില്‍ അധികൃതരുടെ വലയിലായത് ആയിരത്തിലധികം അനധികൃത കച്ചവടക്കാര്‍. ആറ് മാസം കൊണ്ടാണ് ഇത്രയും അധികം നിയമ വിരുദ്ധ വ്യാപാരികള്‍ കുടുങ്ങിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് അബുദാബി നഗരസഭ വഴി വാണിഭക്കാര്‍ക്കായി വല വിരിച്ചത്. പലയിടങ്ങളിലും നിരന്തര പരിശോധന നടത്തി. വ്യവസായ മേഖലകളാണ് നിയമ വിരുദ്ധ കച്ചവടക്കാരുടെ പ്രധാന കേന്ദ്രം. മുസഫയില്‍ മാത്രം ഏതാണ്ട് 887 പേര്‍ നഗരസഭ പരിശോധക സംഘത്തിന്റെ വലയിലായി.
അബുദാബി നഗരസഭ, മുസഫ പോലീസ്, സാമ്പത്തിക വികസന വകുപ്പ്, വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍, ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.അല്‍ വത്ബ മേഖലയില്‍ 61 പേരും, ഷഹാമ ഏരിയയില്‍ 161 അനധികൃത കച്ചവടക്കാരും പിടിയിലായി. ഇതില്‍ ഡ്രൈവര്‍മാരും പെടുന്നു. യാതൊരു വിധ അനുമതി പത്രവുമില്ലാതെ വഴി വാണിഭക്കാര്‍ക്ക് വില്‍പന സാധനങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ചു നല്‍കുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. അനധികൃത വ്യാപാരികളില്‍ ബഹു ഭൂരി ഭാഗവും വിപണനത്തിന് തിരഞ്ഞെടുക്കുന്നത് ഭക്ഷ്യ ഉല്‍പന്നങ്ങളാണ്.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും വഴി വാണിഭക്കാരുടെ കൈകളിലൂടെ വില്‍പ്പനക്കെത്തുന്ന മറ്റു ഇനങ്ങളാണ്. വൈകുന്നേരങ്ങളിലാണ് വഴി വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നത്. താമസയിടങ്ങളിലും മറ്റും സൂക്ഷിച്ചു വെക്കുന്ന വില്‍പന സാധനങ്ങളില്‍ ആവശ്യമായവ മാത്രം കൊണ്ട് വന്നു വില്‍പ്പനക്ക് നിരത്തുന്നു. കൂടുതല്‍ സാധനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് ആദ്യം തന്നെ മാറ്റി വെക്കുന്നു.
കച്ചവടത്തിന്റെ നിലവാരം നോക്കി ആവശ്യാനുസരണം വില്‍പ്പന സ്ഥലത്തേക്ക് എത്തിക്കും. ഓരോരുത്തര്‍ക്കും മുന്‍കൂട്ടി അനുവദിച്ച കച്ചവട ഇടമുണ്ട്. അതിര്‍ത്തി ഭേദിച്ചാല്‍ തര്‍ക്കമാവും. ഇത് ചിലപ്പോള്‍ കയ്യാങ്കളിയില്‍ വരെ എത്തും.മതിയായ ഗുണ നിലവാരം ഇല്ലാത്തതാണ് ഇങ്ങിനെ വില്‍പ്പനക്ക് എത്തുന്ന സാധനങ്ങള്‍. തൊഴിലാളി താമസയിടങ്ങളില്‍ കഴിയുന്നവര്‍ നഗരത്തിലേക്ക് എത്താനുള്ള സമയ, പണ നഷ്ടം ഒഴിവാക്കാന്‍ സമീപങ്ങളിലെ അനധികൃത വ്യാപാര കേന്ദ്രങ്ങളിലെ സ്ഥിരം ഉപയോക്താക്കളാകുന്നു. ഏഷ്യന്‍ വംശജരാണ് ഇത്തരം അനധികൃത വ്യാപാരങ്ങള്‍ക്ക് പിന്നില്‍. ഏറെയും ബംഗഌദേശ് പൗരന്മാര്‍. ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ഇവിടങ്ങളിലെ ഇടപാടുകാര്‍.