ദുബൈ: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അല്‍ഖൂസിലെ ഒരു ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളെ സംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളോട് നന്ദി കാണിക്കാന്‍ വളരെ വൈകി. ഇനി പ്രവാസികള്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച പദ്ധതികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പരിഹാര നടപടികളുമായി സര്‍ക്കാര്‍ ഉണ്ടാകും. അക്കാര്യത്തില്‍ സംശയം വേണ്ട.
”പ്രവാസികളെ കുറിച്ച് നല്ല ബോധ്യമുള്ള സര്‍ക്കാറാണ് ഇപ്പോഴുള്ളത്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാനാവാത്തതില്‍ വലിയ മന:സ്താപമുണ്ട്. പ്രഖ്യാപനങ്ങളൊന്നും ഇപ്പോള്‍ നടത്തുന്നില്ലെങ്കിലും അവരുടെ ക്ഷേമത്തിന് വേണ്ടി ആവുന്നതെല്ലാം ചെയ്യും” -പിണറായി വിജയന്‍ തൊഴിലാളികളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ലേബര്‍ ക്യാമ്പില്‍ ആവേശം പകര്‍ന്നു.
കൊച്ചി സ്മാര്‍ട്‌സിറ്റി എം.ഡി ഡോ. ബാജു ജോര്‍ജ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും കൈരളി ടി.വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ്, കേരള അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദുബൈയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍, എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.