X

ശരീരത്തില്‍ തുപ്പി പണം അപഹരിക്കുന്ന സംഘം ഇടവേളക്ക് ശേഷം വീണ്ടും സജീവം

സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: വഴിയരികിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പുകയും മാപ്പു പറഞ്ഞ് വൃത്തിയാക്കുകയാണെന്ന വ്യാജേന പോക്കറ്റില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്യുന്ന സംഘം ഷാര്‍ജയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം ഷാര്‍ജ എമിഗ്രേഷനടുത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ ഭാരവാഹിയായ ഷാനവാസിന്റെ 16,000 ദിര്‍ഹമാണ് ഈ വിധം അപഹരിക്കാന്‍ ശ്രമം നടന്നത്. ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ ശീരത്തില്‍ എതിരെ വന്ന ആഫ്രിക്കന്‍ വംശജന്‍ തുപ്പുകയായിരുന്നു.

 
പെട്ടെന്ന് ഇയാള്‍ സോറി പറഞ്ഞ് കയ്യില്‍ കരുതിയ ടിഷ്യു പേപര്‍ കൊണ്ട് വൃത്തിയാക്കാന്‍ തുനിഞ്ഞു. ഇതിനിടയില്‍ ഷാനവാസിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാനുള്ള ശ്രമം ശ്രദ്ധയില്‍ പെട്ട മലയാളി ഒച്ച വെച്ചതോടെ പ്രതി ഓടി മറയുകയായിരുന്നു. ഷാനവാസും പരിസരത്തുള്ളവരും പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇവര്‍ ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ചതോടെ ഷര്‍ട്ട് ഊരിയെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍ 16,000 ദിര്‍ഹമും ബാങ്ക് കാര്‍ഡ്, എമിറേറ്റ്‌സ് ഐ.ഡി തുടങ്ങിയവയുമുണ്ടായിരുന്നു.

മലയാളി ഒച്ച വെച്ചതു കൊണ്ട് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പൊടുന്നനെ പ്രതികരിക്കാന്‍ കഴിഞ്ഞതാണ് പണം നഷ്ടമാവാതിരിക്കാന്‍ സഹായിച്ചതെന്ന് ഷാനവാസ് പറഞ്ഞു. ഷാര്‍ജയില്‍ സബ്‌വേകളിലും മറ്റു തിരക്കേറിയ വഴികളിലും പതിയിരിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ മുമ്പും പലരുടെയും ശരീരത്തില്‍ തുപ്പുകയും പണം അപഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് മിഡില്‍ ഈസ്റ്റ് ചന്ദ്രിക അടക്കമുള്ള മാധ്യമങ്ങള്‍ മുമ്പ് വാര്‍ത്തകള്‍ നല്‍കിയിരുന്നു.

chandrika: