X

ദുബൈയില്‍ വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന സംഘം വിലസുന്നു

റസാഖ് ഒരുമനയൂര്‍

അബുദാബി: വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന സംഘം വിലസുന്നു. ഇവരുടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. വിദ്യാഭ്യാസമില്ലാത്തവരും താരതമ്യേന ചെറിയ വരുമാനക്കാരുമാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെറിയ വിലക്ക് വലിയ ഫോണുമായി രംഗപ്രവേശം ചെയ്യുന്നവര്‍ വ്യാജ മൊബൈല്‍ ഫോണുകളും മോഷ്ടിച്ചവയുമാണ് ഇത്തരത്തില്‍ വില്‍പന നടത്തുന്നത്.  വലിയ ഫോണ്‍ വാങ്ങാന്‍ നടക്കുന്ന ചെറിയ വരുമാനക്കാരാണ് ഇവരുടെ പിടിയില്‍ ശരിക്കും കുടുങ്ങിപ്പോകുന്നത്.

ഇവയില്‍ പലതും മോഷ്ടിച്ച ഫോണാണെന്നതു കൊണ്ട് ഇവ ഉപയോഗിക്കുന്നവരും പിന്നീട് പൊലീസ് പിടിയിലാകും .ഇതുസംബന്ധിച്ച് യാതൊരു വിധ വിവരവും ഇല്ലാത്ത പാവങ്ങളാണ് പലപ്പോഴും കുറ്റകൃത്യത്തിലെ ഇരകളായി മാറുന്നത്. എല്ലാ എമിറേറ്റുകളിലും ഇത്തരം മൊബൈല്‍ തട്ടിപ്പുകാര്‍ വിലസുന്നുണ്ട്. അബുദാബി ഡിഫന്‍സ് റോഡ്, ഇലക്ട്ര തുടങ്ങിയ സ്ഥലങ്ങളിലും മുസഫയിലെ വ്യവസായ നഗരിയിലുമാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വീണു കിട്ടിയതോ മോഷ്ടിച്ചതോ ആയ മൊബൈല്‍ ഫോണുകള്‍ ഇവര്‍ ചെറിയ വിലക്ക് വാങ്ങുകയും വന്‍ ലാഭത്തിന് വില്‍പന നടത്തുകയുമാണ് ചെയ്യുന്നത്.

നിയമ പ്രശ്‌നമറിയാവുന്ന പലരും ഇത്തരത്തിലുള്ള മൊബൈലുകള്‍ വാങ്ങി ഇവിടെ ഉപയോഗിക്കാതെ സ്വന്തം നാട്ടില്‍ കൊണ്ടു പോകുന്ന പ്രവണതയും ഉണ്ട്. എന്നാല്‍, വ്യാജ മൊബൈലുകള്‍ പലതും പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നവയല്ല എന്നതും ഒടുവിലാണ് ബോധ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട മലയാളി ആ ഭാഗത്ത് ക്‌ളീനിംഗ് ജോലിയിലേര്‍പ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശിയോട് തിരക്കിയപ്പോള്‍ തനിക്കറിയില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍, പൊലീസില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ താന്‍ മാലിന്യപ്പെട്ടിയില്‍ ഇട്ടുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷെ, സമ്മര്‍ദത്തിനൊടുവില്‍ വില്‍പന നടത്തിയതായി സമ്മതിക്കേണ്ടി വന്നു. ഉടനെ കൈയിലുണ്ടായിരുന്ന 250 ദിര്‍ഹം മൊബൈല്‍ ഉടമക്ക് നല്‍കുകയും ഉടമ ആവശ്യപ്പെട്ട 750 ദിര്‍ഹമിലെ ബാക്കി പണം പിറ്റേന്നു തന്നെ നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ 750 ദിര്‍ഹമിന്റെ പുതിയ ഫോണ്‍ 250 ദിര്‍ഹമിനാണ് ഇയാള്‍ വില്‍പന നടത്തിയത്.

ഒടുവില്‍ ഉടമക്ക് 750 ദിര്‍ഹം നല്‍കാന്‍ നിര്‍ബന്ധിതനായതോടെ 450 ദിര്‍ഹം ക്‌ളീനിംഗ് തൊഴിലാളിക്ക് നഷ്ടമാവുകയായിരുന്നു. ഓരോ വ്യക്തിയുടെയും കൈയില്‍ രണ്ടും മൂന്നും ഫോണുകള്‍ വ്യാപകമായതോടെ പലയിടങ്ങളിലും മറന്നു വെക്കുന്ന സംഭവങ്ങളും പതിവായി മാറി. ഇങ്ങനെ മറന്നുവെച്ച് നഷ്ടപ്പെടുന്ന ഫോണുകള്‍ പലതും ഒടുവില്‍ വ്യാജ മൊബൈല്‍ വില്‍പനക്കാരുടെ കൈകളിലാണ് എത്തുന്നത്.

chandrika: