X

മലയാളി കൊടും ചൂടില്‍ 8 മാസം കഴിച്ചു കൂട്ടിയത് ടെറസിനു മുകളില്‍

ദുബൈ: തൊഴില്‍ രഹിതനായ മലയാളി കൊടും ചൂടില്‍ അജ്മാനിലെ ആറുനില കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിച്ചു കൂട്ടിയത് എട്ടു മാസത്തോളം. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള കൊല്ലം സ്വദേശി സജീവ് ആണ് ഹതഭാഗ്യന്‍. ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇദ്ദേഹത്തിന്റെ ദുരിത ജീവിതത്തിന് ഇനിയും അറുതിയായിട്ടില്ല. കാലാവധി അവസാനിക്കും മുന്‍പ് തൊഴില്‍ ദാതാവ് ഇറക്കി വിട്ടതോടെയാണ് സജീവിന്റെ ദുരിത ജീവിതം ആരംഭിക്കുന്നത്. ഖലീജ് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

തൊഴില്‍ നഷ്ടപ്പെട്ട സജീവി മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉത്തരേന്ത്യക്കാരനായ തൊഴിലുടമ വന്ന് ഭീഷണിപ്പെടുത്തി കിട്ടിയ തൊഴില്‍ നഷ്ടപ്പെടുത്തി. പലവട്ടം ഇതാവര്‍ത്തിച്ചപ്പോള്‍ ആരും ജോലിക്കെടുക്കാതായി. സുഹൃത്തുക്കള്‍ വാങ്ങി നല്‍കുന്ന ഭക്ഷണം മാത്രമായി പിന്നീട് ആശ്രയം. 16 പ്രവാശ്യത്തോളം കോണ്‍സുലേറ്റിലും കയറിയിറങ്ങി.- സജീവ് പറയുന്നു. ഷാര്‍ജ കേന്ദ്രമായ കമ്പനിയില്‍ ഇലക്ട്രീഷ്യനായാണ് സജീവ് ജോലി ചെയ്തിരുന്നത്. നിര്‍മാണത്തൊഴിലാളികളുടെയും ഷോപ്പ് ഉടമകളുടെയും മറ്റും കാരുണ്യത്തിലാണ് ഇത്ര കാലം സജീവ് ജീവിതം തള്ളി നീക്കിയത്.

കേവലം 900 ദിര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലി ചെയ്ത സജീവിന്റെ വിസ കാലാവധി കഴിഞ്ഞ മാര്‍ച്ച് 11ന് അവസാനിക്കുകയും ചെയ്തു. എന്നാല്‍ സജീവിന് നല്‍കാനുള്ള ശമ്പളം പൂര്‍ണമായി നല്‍കി നാട്ടിലേക്ക് കയറ്റി വിടാന്‍ തൊഴിലുടമ തയ്യാറായില്ല. മാര്‍ച്ച് 21ന് കമ്പനി അക്കമഡേഷന്‍ ഒഴിയേണ്ടി വരികയും ചെയ്തു. ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടും ചൂടില്‍ ഇദ്ദേഹം ടെറസിന് മുകളിലാണ് കഴിച്ചു കൂട്ടിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സംഘടനകളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഒരു റസ്റ്റോറന്റ് ഉടമ സഹായിച്ചു. മറ്റൊരാള്‍ പ്രാതല്‍ കഴിക്കാന്‍ ദിവസവും 3 ദിര്‍ഹം വീതം നല്‍കി.- സജീവ് പറഞ്ഞു.ഇതിനിടെ തൊഴിലുടമ ഒളിച്ചോടിയെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതായി സജീവ് പറയുന്നു. അതേസമയം സജീവ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയതായി ഉദ്യഗസ്ഥര്‍ സമ്മതിക്കുന്നു. ഒക്ടോബര്‍ രണ്ടിനകം തന്നെ നാട്ടിലയക്കണമെന്നാണ് സജീവ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ആരും ബന്ധപ്പെട്ടില്ലെന്നാണ് കോണ്‍സുലേറ്റ് വ്യക്തമാക്കുന്നത്.

അതേസമയം തന്റെ കയ്യില്‍ ഫോണ്‍ ചെയ്യാന്‍ പോലും പണം ഇല്ലായിരുന്നെന്ന് സജീവ് പറഞ്ഞു.
അതേസമയം ഓവര്‍ സ്‌റ്റേ ആയതിനാല്‍ ഷാര്‍ജയില്‍ 6000 ദിര്‍ഹം പിഴ അടക്കേണ്ടി വന്നതായി തൊഴിലുടമയായ പഞ്ചാബ് സ്വദേശി പറഞ്ഞു. അയാല്‍ തന്നെയാണ് അയാളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒളിച്ചോടിയെന്ന കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: