ദുബൈ: യുഎഇയുടെ അമ്പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തിന് വർണപ്പൊലിമ പകർന്ന് മലയാളി സംരംഭകന്റെ വേറിട്ട പരിപാടികൾ ശ്രദ്ധേയമായി. ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിലൊന്നായ ഫെരാരി എഫ് 8 മൻസൂരി വാഹനം ദേശീയ ചിഹ്നങ്ങളും രാഷ്ട നേതാക്കളുടെ ചിത്രങ്ങളും കൊണ്ടലങ്കരിച്ചാണ് കോഴിക്കോട് സ്വദേശിയും എഎംആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറുമായ ഷഫീഖ് അബ്ദുൽ റഹിമാൻ ശ്രദ്ധ നേടിയത്. അതോടൊപ്പം തന്നെ ദുബായിലെ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ തൊഴിലാളികൾ താമസിക്കുന്ന അൽ ഖൂസിലെ ദുബൈ ഡവലപ്മെന്റ് ബിൽഡിങ് സമുച്ചയത്തിൽ വർണ ശബളമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി യുഎഇ ദേശീയ ദിനാഘോഷം ആഡംബര വാഹങ്ങൾ അലങ്കരിച്ചും സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ പരിപാടികൾ ഒരുക്കിയും ഷഫീഖ് സ്വന്തമായി ആഘോഷിച്ചു പോരുന്നു.
വികസനക്കുതിപ്പിന്റെ പര്യായമായ യുഎഇയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണെന്ന് ഷഫീഖ് പറഞ്ഞു. സ്വന്തം രാജ്യത്തെ പോലെ തന്നെ പോറ്റമ്മ രാജ്യമായ യുഎഇയെയും ഹൃദയത്തിൽ ചേർത്ത് വെക്കുന്നത് കൊണ്ടാണ് എല്ലാവർഷവും വ്യത്യസ്തമായ പരിപാടികൾ ഒരുക്കുന്നത്. ഏകദേശം ആറ് കോടി രൂപ വരുന്ന അതിവേഗ വാഹനമായ ഫെറാരി തെരഞ്ഞെടുത്തത് യുഎഇയുടെ കുതിപ്പ് മനസ്സിൽ കൊണ്ടാണെന്നും ഷഫീഖ് പറഞ്ഞു. ഗോൾഡ് ഇലക്ട്രോ പ്ലെയിറ്റഡ് ഫ്ലോറൽ ഡ്രോയിംഗുകൾ കൊണ്ടാണ് വാഹനം അലങ്കരിച്ചിട്ടുള്ളത്. രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് മുതൽ രാഷ്ട്ര ശില്പികളായ ഭരണാധികാരികളുടെ ചിത്രങ്ങൾ ഉൾപ്പെടെ വാഹനത്തിന്റെ ഇരുവശങ്ങളിലുമായിആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി
ഷഫീഖ് അബ്ദുറഹ്മാന്റെ വാഹനമാണ് യുഎഇ ദേശീയ ദിനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നത്.
അൽഖൂസിൽ നടന്ന ആഘോഷ ചടങ്ങിൽ നൂറുക്കണിന് ആളുകൾ പങ്കെടുത്തു. ദുബൈ ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ മുഹമ്മദ് ഈസ മുഹമ്മദ് അൽ സംത്, സാലിഹ് മുഹമ്മദ് അബ്ദുല്ല, പേരോട് അബ്ദുൽ റഹിമാൻ സഖാഫി എന്നിവർ അതിഥികളായി പങ്കെടുത്തു. വിവിധ സ്ഥാപന മേധാവികളെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. പരമ്പരാഗത അറബ് നൃത്തങ്ങളും സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.