X

യുഎഇ ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

അബുദാബി: യുഎഇ 51-ാം ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടന്ന ഒദ്യോഗിക പരിപാടിയില്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷര്‍ഖി, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ശൈഖ് ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍മുഅല്ല, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമി എന്നിവരും കിരീടാവകാശികള്‍ ഉള്‍പ്പെടെ നിരവധി രാജകുടുംബാംഗങ്ങളും, മന്ത്രിമാരും മറ്റു ഉന്നതരും സംബന്ധിച്ചു.

വിവിധ രാഷ്ട്രത്തലവന്മാര്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ നേരില്‍ വിളിച്ചും സന്ദേശങ്ങള്‍ വഴിയും ആശംസകള്‍ അറിയിച്ചു. വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ഥമായ നൂറുകണക്കിന് പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.

പ്രത്യേകം സജ്ജീകരിച്ചയിടങ്ങളില്‍ രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന നിരവധി കാഴ്ചകള്‍ ഒരുക്കിയിരുന്നു. രാജ്യം രൂപീകൃതമായ 1971ന് മുമ്പും ശേഷവുമുള്ള ചരിത്രപ്രധാനമായ സംഭവങ്ങളും അതിന്റെ വിവരണങ്ങളും ഏറെ ഹൃദ്യമായിരുന്നു. കടലില്‍നിന്നും മുത്തുവാരി ജീവിച്ചിരുന്ന ജനത സര്‍വ്വസൗകര്യങ്ങളുമുള്ള അത്യാധുനിക ജീവിതത്തിന്റെ വഴികളിലേക്ക് നടന്നുകയറിയ നാള്‍വഴികള്‍ പുതിയ തലമുറക്കും വിദേശികള്‍ക്കും ഒരുപോലെ പഠനാര്‍ഹമായിരുന്നു.

ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ ഒരുക്കിയ പ്രത്യേക പരിപാടികള്‍ ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആകാശത്ത് ഡ്രോണുകള്‍ തീര്‍ത്ത വിസ്മയക്കാഴ്കളും വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങിയ വെടിക്കെട്ടും കാണാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.

നാലുദിവസം പൊതുഅവധി പ്രഖ്യാപിച്ചിരുന്നതുകൊണ്ട് പ്രവാസിള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു. ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശക വിസയില്‍ അബുദാബിയിലും ഇതര എമിറേറ്റുകളിലും നാട്ടില്‍നിന്നെത്തിയത്.

Test User: