X

യുഎഇ ദേശീയ ദിനം: ഇമാറാത്തി സംസ്‌കാരവും ചരിത്രവും ഒറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്

ദുബൈ: യുഎഇയുടെ സംസ്‌കാരവും ചരിത്രവും ഒരൊറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്. 52-ാം യുഎഇ ദേശീയ ദിനാഘോഷ ഭാഗമായാണ് സീമയുടെ ഈ വേറിട്ട കലാ പ്രകടനം. ദുബൈ സിലികണ്‍ ഒയാസിസ് സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങിനിടെ ‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’ എന്ന ഈ കലാസൃഷ്ടി യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി അനാവരണം ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പതിനാറര അടി നീളവും ഏഴടി ഉയരവുമുള്ള വമ്പന്‍ ക്യാന്‍വാസില്‍ തനി കേരള ചുമര്‍ ചിത്ര ശൈലിയിലാണ് സീയുടെ വര. ഇതൊരു ചരിത്രമാണ്. കേരള മ്യൂറല്‍ ശൈലിയില്‍ യുഎഇയുടെ ചരിത്രവും സംസ്‌കാരവും ഇത്രയും വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.

തനി കേരളീയ ചുമര്‍ ചിത്ര ശൈലിയിലാണ് ചിത്രം വരച്ചതെന്നും ആറു മാസത്തോളം നീണ്ട അധ്വാനമുണ്ടിതിനെന്നും (ഏതാണ്ട് 1,350 മണിക്കൂര്‍) സീമ പറഞ്ഞു. ചിത്ര രചനയ്ക്കായി ദിവസവും ശരാശരി ഏഴു മണിക്കൂറെടുക്കും. ഒറ്റയ്‌ക്കൊരു വനിത ഇത്രയും വലിയ ചിത്രം പൂര്‍ത്തിയാക്കുന്നതും അപൂര്‍വ സംഭവമാണ്.
യുഎഇയുടെ മുപ്പത്തി രണ്ട് മുഖമുദ്രകള്‍. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, നിലവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ ഭരണ കര്‍ത്താക്കള്‍. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, അബുദാബി ഗ്രാന്റ് മോസ്‌ക്, ഫെരാറി വേള്‍ഡ്, ദുബൈ ഫ്രെയിം, ഫ്യൂചര്‍ മ്യൂസിയം, പാം ജുമൈറ, അറ്റ്‌ലാന്റിസ് തുടങ്ങിയ അത്ഭുതങ്ങള്‍. മിറകിള്‍ ഗാര്‍ഡന്‍ പോലുള്ള വിസ്മയങ്ങള്‍. യുഎഇയുടെ ദേശീയ മൃഗമായ അറേബ്യന്‍ ഒറിക്‌സും ദേശീയ പക്ഷിയായ പ്രാപ്പിടിയനും (ഫാല്‍കണ്‍).

കടലില്‍ മീന്‍ പിടിച്ച്, അടിത്തട്ടില്‍ നിന്നും മുത്തും പവിഴവും വാരി ജീവിച്ച ഒരു ജനതയെ ചിത്രത്തില്‍ കാണാം. ഇന്നത്തെ പ്രൗഢിയിലേക്ക് യുഎഇ എന്ന രാജ്യം എങ്ങനെയെത്തി എന്നതിന്റെ ചിത്ര യാത്ര കൂടിയാണ് ഈ പെയിന്റിംഗ്.
മുപ്പത്തി രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കഴിയുന്ന യുഎഇയോടുള്ള ആദരം കൂടിയാണ് ഈ ചിത്രം. വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന മോഹം. വലിയ ചിത്രമായതിനാല്‍ യാത്രാവിമാനത്തില്‍ കേരളത്തില്‍ നിന്നും കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ചരക്കു വിമാനത്തിലാണ് ചിത്രം കൊണ്ടു വന്നത്. അന്‍പത്തി രണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ‘ദി ഗ്രേറ്റര്‍ നേഷന്‍ ബിഗ്ഗര്‍ ക്യാന്‍വാസ്’ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന്റെ അടങ്ങാത്ത ആഹ്‌ളാദത്തിലാണ് സീമ.

കേരളത്തിലെ വനിതകള്‍ക്ക് ചുമര്‍ ചിത്ര പഠനം എളുപ്പമല്ലാത്ത കാലത്ത് ആ വഴിയിലൂടെ സഞ്ചരിച്ച ചിത്രകാരിയാണിവര്‍. ഗുരുവായൂരിലെ ചിത്ര കലാ വിദ്യാലയത്തില്‍ വനിതകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാഹിയില്‍ പോയി ചുമര്‍ ചിത്രകല പഠിച്ചു. 20 വര്‍ഷത്തിലധികമായി കേരളത്തില്‍ ചിത്ര കലാ രംഗത്തും അധ്യാപന രംഗത്തും സജീവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബൈയിലുമായി ഇരുപതോളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്‌കൂള്‍ അധ്യാപികയുടെ ജോലി രാജി വച്ചു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്നു. വനിതകള്‍ക്കായി ഷീ സ്‌ട്രോക്‌സ്, കുട്ടികള്‍ക്കായി ലിറ്റില്‍ സ്‌ട്രോക്‌സ്, ചിത്രകാരന്മാര്‍ക്കായി ഹീ സ്‌ട്രോക്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ നടത്തി.
സീമയുടെ ചിത്രപ്രദര്‍ശനങ്ങളില്‍ നടന്‍ മമ്മൂട്ടി, മന്ത്രി വീണ ജോര്‍ജ്, അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ.കെ ശൈലജ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, നടി ലെന, മാല പാര്‍വതി തുടങ്ങി നിരവധി പേര്‍ അതിഥികളായെത്തി.

അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവര്‍ സീമയുടെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ മിസ് യൂണിവേഴ്‌സ് നതാലി ഗ്‌ളെബോവ, ലുലു ഗ്രൂപ് ഉടമ എം.എ യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമല്‍ ഹാസന്‍, വിജയ് സേതുപതി, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ചിത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തലശ്ശേരിയിലാണ് ജനനം. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആര്‍ട് ഇന്‍ ആര്‍ട് എന്ന പേരില്‍ ആര്‍ട് ഗ്യാലറി നടത്തുന്നു. ദുബൈയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ. ദുബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് വെള്ളിമുറ്റത്തിന്റെ ഭാര്യയാണ് സീമ. ഏക മകന്‍ സൂരജ് കിരണ്‍ ചെെൈന്നയില്‍ ഫാഷന്‍ ഡിസൈനിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

webdesk14: