ദുബായ്: ദേശീയ ദിനാഘോഷത്തില്‍ ബഹിരാകാശത്തേക്ക് ഉപഗ്രഹ വിക്ഷേപണം നടത്തി യുഎഇ. യുഎഇയുടെ തന്ത്രപ്രധാനമായ ഉപഗ്രമായ ഫാല്‍ക്കണ്‍ ഐ 2 ആണ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. തെക്കന്‍ അമേരിക്കയിലെ ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍ യുഎഇ സമയം ഇന്നലെ പുലര്‍ച്ചെ 5.33നായിരുന്നു വിക്ഷേപണം.
1,190 കിലോയുള്ള ഉപഗ്രഹം 6.33ന് റഷ്യന്‍ നിര്‍മിത സോയുസ് റോക്കറ്റില്‍ നിന്നു വേര്‍പെട്ടു. 611 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണപഥം. അബുദാബിയിലെ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനാണ് ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും സ്വീകരിക്കുക. 100 കോടി ഡോളറാണ് ഫാല്‍ക്കണ്‍ ഐ പദ്ധതിയുടെ ചെലവ്.
രണ്ടു മാസം മുമ്പായിരുന്നു ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതും കോവിഡ് സാഹചര്യങ്ങളും കാരണം വൈകി. അതേ സമയം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതേ ആവശ്യങ്ങള്‍ക്കായി വിക്ഷേപിച്ച ഫാല്‍ക്കണ് ഐ 1 പരാജയപ്പെട്ടിരുന്നു.
രാജ്യസുരക്ഷക്ക് നിര്‍ണായകമാകുന്ന ഉപഗ്രഹമാണിത്. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തന സജ്ജമാണ്. സൈനിക ആവശ്യങ്ങള്‍ക്കാണ് ഇത് പ്രധാനമായും പ്രയോജനപ്പെടുക.