X
    Categories: gulfNews

യു.എ.ഇ ദേശീയാഘോഷം: എക്‌സ്‌പോ 2020 വിസ്മയമാകും

യുഎഇ ദേശീയദിന വാരാന്ത്യത്തില്‍ എക്‌സ്‌പോ 2020 ദുബായില്‍ രാജ്യത്തിന്റെ പ്രയാണവും ചരിത്രവും ഉള്‍ക്കൊള്ളിച്ചുള്ള ആകര്‍ഷക ഷോകള്‍ക്കൊപ്പം ഭരണ നേതൃത്വത്തിന്റെ ഉള്‍ക്കാഴ്ചകളും മൂല്യങ്ങളും പ്രതിപാദിക്കുന്ന ആക്ഷന്‍ പാക്ക് പ്രകടനമുണ്ടാകും.
2021 ഡിസംബര്‍ 1 മുതല്‍ നാലു ദിവസങ്ങളിലായി വെടിക്കെട്ടുകളും 150 കലാകാരന്മാര്‍ അണിനിരക്കുന്ന ഷോകളുമുണ്ടാകും.
മഹത്തായ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളെയും മൂല്യവത്തായ ജനങ്ങളെയും മുന്‍നിര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

രാവിലെ 9 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 2 വരെ പരിപാടികള്‍ നീളും. രാജ്യം 50 വര്‍ഷത്തിലെത്തിയിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാകുന്ന ഈ ആഘോഷം ഏവരും ഏറെ വൈകാരികമായാണ് ഉറ്റു നോക്കുന്നത്. രാഷ്ട്രത്തിന്റെ തനിമ നിലനിര്‍ത്തിയുള്ള ആഘോഷമാണ് ഒരുക്കുന്നതെന്നും എക്‌സ്‌പോ 2020 എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ അംന അബുല്‍ ഹൗല്‍ പറഞ്ഞു.

ഇമാറാത്തി ചടങ്ങുകള്‍, ആകര്‍ഷണീയ പെര്‍ഫോമന്‍സുകള്‍, ലോകോത്തര ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഫ്യൂഷന്‍ ഷോ എന്നിവ ആഘോഷത്തെ ആകര്‍ഷകമാക്കും. യുഎഇയുടെ ചരിത്രം കഥാഖ്യാനം പോലെയാണ് കലാകാരന്മാര്‍ ഇവിടെ അവതരിപ്പിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

ഓരോ ദിവസവും ഓരോ സര്‍പ്രൈസ്, ഓരോ മണിക്കൂറിലും മറ്റൊരു സര്‍പ്രൈസ് എന്ന നിലയില്‍ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന വിധത്തിലാണ് ആഘോഷം ഒരുക്കുന്നത്. യുഎഇയിലെ മാത്രമല്ല, ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു ആഘോഷ പരിപാടിയായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ലെന്നും അംന അബുല്‍ ഹൗല്‍ വ്യക്തമാക്കി. യുഎഇയില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഗവണ്‍മെന്റ്, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 3 ദിനങ്ങളില്‍ അവധിയായിരിക്കും.

 

 

Test User: