അബുദാബി: തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ യുഎഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സംഭവവികാസങ്ങള്‍, ഭൂകമ്പംമൂലമുണ്ടായ തകര്‍ച്ചയില്‍നിന്നും കരകയറാനുള്ള തുര്‍ക്കിയുടെ ശ്രമങ്ങള്‍, രാജ്യത്തിന് നല്‍കുന്ന അന്താരാഷ്ട്ര പിന്തുണ എന്നിവയെക്കുറിച്ച് തുര്‍ക്കി ഉദ്യോഗസ്ഥര്‍ ശെയ്ഖ് അബ്ദുല്ലയോട് വിവരിച്ചു.
യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം യുഎഇ തുര്‍ക്കി ജനതയ്‌ക്കൊപ്പം നില്‍ക്കുമെന്നും ദുരിതബാധിതര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കുമെന്ന് ശെയ്ഖ് അബ്ദുല്ല പറഞ്ഞു.
തുര്‍ക്കിയെ ബാധിച്ച ഭൂകമ്പത്തില്‍ തുര്‍ക്കി ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടുമുള്ള ദു:ഖവും അനുശോചനവും അദ്ദേഹം അറിയിച്ചു. ഇരകളോട് കരുണ കാണിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതായി ശെയ്ഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
യുഎഇ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ തുര്‍ക്കിയിലെ ആസ്ഥാനവും ശെയ്ഖ് അബ്ദുള്ള സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡിലെ അഡ്വാന്‍സ്ഡ് കമാന്‍ഡ് ടീം കമാന്‍ഡര്‍ കേണല്‍ പൈലറ്റ് നായിഫ് അഹമ്മദ് അല്‍ ഹൊസാനിയും ടീം അംഗങ്ങളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, തുര്‍ക്കിയിലെ യുഎഇ അംബാസഡര്‍ സയീദ് താനി ഹരേബ് അല്‍ ദഹേരി എന്നിവര്‍ ശൈഖ് അബ്ദുല്ലയെ അനുഗമിച്ചു.