X
    Categories: gulfNews

യുഎഇയുടെ ബഹിരാകാശ ദൗത്യം; അഭിമാന നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് സ്ത്രീശക്തി

ബഹിരാകാശ രംഗത്ത് വിസ്മയകരമായ മുന്നേറ്റമാണ് അടുത്ത കാലത്തായി യുഎഇ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണ സമ്പത്തിലൂടെ അത്യുന്നതങ്ങളില്‍ എത്തിയ യുഎഇ അതിന്റെ കാല്‍വെപ്പ് ശാസ്ത്ര സാങ്കേതിക രംഗത്തേക്കു കൂടി നീട്ടിവെച്ചത് ഈയടുത്താണ്. ഇതിനകം തന്നെ യുഎഇ ബഹിരാകാശത്ത് സ്വന്തം പൗരനെ എത്തിച്ചുകഴിഞ്ഞു.

യുഎഇയുടെ ചരിത്രപരമായ ഈ വളര്‍ച്ചക്കൊപ്പം തന്നെ നിശ്ചയമായും അടയാളപ്പെടുത്തേണ്ട മറ്റൊന്നു കൂടിയുണ്ട്. ഈ രംഗത്ത് യുഎഇ ഇന്നെത്തിപ്പെട്ട ഈ വളര്‍ച്ചയില്‍ രാജ്യത്തെ വനിതകളുടെ പങ്ക്. നിരവധി യുഎഇ വനിതകളാണ് യുഎഇയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ (എംബിആര്‍എസ്‌സി) 42 ശതമാനം തൊഴിലാളികളും വനിതകളാണ്. യുഎഇയുടെ ബഹിരാകാശ യാത്രാ പദ്ധതിയിലും ഹോപ് മാര്‍സ് മിഷനിലും സ്ത്രീകള്‍ മികച്ച സാന്നിധ്യമായുണ്ട്. യുഎഇയുടെ ചൊവ്വാ ദൗത്യത്തിലുള്ളവരില്‍ 80 ശതമാനവും സ്ത്രീകളാണ്.

ജൂലൈ 20ന് വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം ഇതിനകം 100 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് യാത്രയുടെ അഞ്ചിലൊരു ഭാഗം പൂര്‍ത്തിയാക്കി. അറബ് ലോകത്തെ ആദ്യത്തെ ചൊവ്വാ പര്യവേക്ഷണ ദൗത്യമാണിത്. ചൊവ്വയിലെ ചലനാത്മകമായ കാലാവസ്ഥയെ കുറിച്ചുള്ള വിവരണങ്ങള്‍ പഠിക്കാനാണ് ഈ ദൗത്യം വഴിയുള്ള ഉദ്ദേശം. ചൊവ്വയെ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ കൈമാറുമ്പോള്‍ അത് എമിറാതി വനിതകള്‍ക്കും മറ്റ് ടീമംഗങ്ങള്‍ക്കും ആകെയുള്ള അഭിമാന മുഹൂര്‍ത്തമായി മാറും-ചൊവ്വാ ദൗത്യത്തിന്റെ ഇന്‍സ്ട്രുമെന്റ് സയന്‍സ് ടീം മാനേജര്‍ ഫാതിമ ഹുസൈന്‍ ലൂത പറഞ്ഞു.

 

ബഹിരാകാശ രംഗത്തേക്ക് കാല്‍ വെക്കുന്ന നേരം തന്നെയാണ് യുഎഇ സ്ത്രീശാക്തീകരണ രംഗത്തും മുന്നേറ്റം നടത്തുന്നത്. അതിനാല്‍ തന്നെ ബഹിരാകാശ കേന്ദ്രം ആരംഭിച്ചപ്പോള്‍ നിരവധി വിദ്യാസമ്പന്നരായ സ്ത്രകള്‍ക്ക് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യയ കുറിച്ച് രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ മികച്ച അവബോധം സൃഷ്ടിക്കാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഫാതിമ ഹുസൈന്‍ ലൂത. ബഹിരാകാശ രംഗത്തെ കുറിച്ച് അടുത്ത തലമുറയില്‍ വലിയ തോതിലുള്ള ധാരണ സൃഷ്ടിക്കാനുള്ള പുറപ്പാടിന്റെ ഭാഗമാണിത്.

ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകളാണ് ബഹിരാകാശത്തേക്ക് പോകാന്‍ സന്നദ്ധത അറിയിച്ച് രംഗത്തു വരുന്നത്. 1400 സ്ത്രീകളാണ് ഈ വര്‍ഷം യാത്രക്ക് ഒരുക്കമാണെന്ന് അറിയിച്ച് അപേക്ഷ നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 അപേക്ഷകളാണ് കൂടുതല്‍.

 

 

web desk 1: