ദുബൈ: യുഎഇ പ്രഖ്യാപിച്ച ചാന്ദ്രദൗത്യത്തിന് പ്രത്യേകതകള്‍ ഏറെ. ആഗോള തലത്തില്‍ ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്ന നാലാമത്തെ രാഷ്ട്രമാണ് യുഎഇ. യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് വിജയകരമായ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ചാന്ദ്രദൗത്യം നടത്തിയിരുന്നു എങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഇസ്രയേലിന്റെ ശ്രമവും നിഷ്ഫലമായിരുന്നു. ഈ സാഹചര്യത്തിലാണ് അറബ് രാഷ്ട്രത്തിന്റെ ദൗത്യത്തെ ലോകം കൗതുക പൂര്‍വ്വം വീക്ഷിക്കുന്നത്.
വിക്ഷേപണ വാഹനം 2024ല്‍
2024ലാണ് രാജ്യത്തിന്റെ വിക്ഷേപണ വാഹനം ചന്ദ്രനിലെത്തുക. നൂറു ശതമാനം തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനമാണ് ദൗത്യത്തിനായി ഉപയോഗിക്കുക. എഞ്ചിനീയര്‍മാര്‍, വിദഗധര്‍, ഗവേഷകര്‍ എന്നിവരെല്ലാം രാജ്യത്തു നിന്നു തന്നെയാകും. 1958 മുതല്‍ 1990 വരെ തുടര്‍ച്ചയായി 32 വര്‍ഷം രാജ്യം ഭരിച്ച ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ പേരിലാണ് ദൗത്യം. ദുബായിലെ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച നേതാവ് എന്ന നിലയിലാണ് റാഷിദ് എന്ന പേരു നല്‍കുന്നത് എന്ന് പദ്ധതി പ്രഖ്യാപിക്കവെ ദുബായ് ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ സൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
ത്രീഡി ക്യാമറ, മൈക്രോസ്‌കോപ്പ്-തെര്‍മല്‍ ക്യാമറ, നൂതന മോഷന്‍ സംവിധാനം, സെന്‍സറുകള്‍, സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയ സംവിധനങ്ങള്‍ തുടങ്ങിയവയെല്ലാം വിക്ഷേപണ വാഹനത്തിലുണ്ടാകുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചരുങ്ങിയത് ആയിരം ചിത്രങ്ങള്‍ എങ്കിലും ക്യാമറ പകര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇനിയുമുണ്ട് ലക്ഷ്യങ്ങള്‍
2021-31 ദശവര്‍ഷ പദ്ധതികളിലെ ഒരെണ്ണം മാത്രമാണ് ചാന്ദ്രദൗത്യം. ഇതിന് പുറമേ, പുതിയ ഉപഗ്രഹം വികസിപ്പിക്കുന്നതും ബഹിരാകാശത്ത് സിമുലേഷന്‍ സെന്റര്‍ തുടങ്ങുന്നതും അണിയറയിലാണ്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. മൈനസ് 173 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ദൗത്യത്തിന് മുമ്പാകെയുള്ള വലിയ വെല്ലുവിളി. ചന്ദ്രനിലെ മണ്ണ്, ഉപരിതരം, ഫോട്ടോഇലക്ട്രോണുകള്‍ തുടങ്ങിയവയും വെല്ലുവിളി ഉയര്‍ത്തുന്നു. ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യാന്‍ കഴിയുന്ന വിക്ഷേപണ വാഹനമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.