ദുബൈ: യുഎഇക്കും ജപ്പാനുമിടക്കുള്ള ഉഭയ കക്ഷി വ്യാപാര ബന്ധങ്ങളും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ട് ജനുവരി 22 മുതല്‍ 24 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ എക്‌സിബിഷന്‍ ഒരുക്കുന്നു. മയ്‌കോ എന്റര്‍പ്രൈസസ് ഇന്‍കോര്‍പറേറ്റഡ് ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ 200 ജാപനീസ് സ്ഥാപനങ്ങളും കമ്പനികളും ബ്രാന്റുകളും സാന്നിധ്യമറിയിക്കും.
20,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ലേ ആസ്ട്രിഡ് ഇന്റര്‍നാഷണലും ബെഞ്ച്മാര്‍ക് ഇവന്റും സംയുക്തമായി നടത്തുന്ന ആദ്യ പ്രദര്‍ശനമാണിത്. സര്‍ക്കാര്‍ തലത്തിലുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന ഈ പ്രദര്‍ശനം എല്ലാ വര്‍ഷവും സംഘടിപ്പിക്കും. വ്യവസായിക മേഖലക്ക് പുറമെ, ടെക്‌നോളജി, ഓട്ടോമോട്ടീവ്, ബീവറേജ് മേഖലകളും ഇതിലടങ്ങുന്നു. യുഎഇ ആസ്ഥാനമായ സ്ഥാപനങ്ങളും ഇവിടെ എത്തും.
ദുബൈയില്‍ ഇത്തരമൊരു സമ്മേളനം ഇതാദ്യമായി നടത്താനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ജപ്പാന്‍ വ്യവസായ, തൊഴില്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹിദെയൂകി കബയാഷി പറഞ്ഞു. യുഎഇ-ജപ്പാന്‍ സര്‍ക്കാറുകള്‍ക്കിടക്കുള്ള സഹകരണ സംരംഭമാണിത്. യുഎഇയില്‍ ജപ്പാന്‍ വ്യാപാര സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ക്യോട്ടോ പ്രിഫക്ചര്‍ ഗാവര്‍ണര്‍ തകാതോഷി നിഷിവാകി, മയ്‌കോ എന്റര്‍പ്രൈസസ് സിഇഒ മായ് സകാവു, ദുബായ് ചേംബര്‍ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.