X

ബാബാ സായിദിന്റെ ഓര്‍മ്മയില്‍ യുഎഇ

റസാഖ് ഒരുമനയൂര്‍

യുഎഇ രാഷ്ട്രപിതാവില്ലാത്ത മറ്റൊരു റമദാന്‍ 19 കൂടി കടന്നുവന്നു.
2004ലെ റമദാന്‍ 19നാണ് യു.എ.ഇ പ്രസിഡണ്ടും രാഷ്ട്ര ശില്‍പ്പിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ അറബ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടവാങ്ങിയത്. ശൈഖ് സായിദിന്റെ ഓര്‍മ്മ ഇന്ന് രാജ്യമെങ്ങും നിറഞ്ഞുനിന്നു. വെള്ളിയാഴ്ച ജുമുഅ ഖുത്തുബയിലും രാഷ്ട്രപിതാവിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ആധുനിക ലോകത്ത് കാരുണ്യത്തിന്റെ പിതാവായി പരക്കെ അറിയപ്പെട്ട ശൈഖ് സായിദ് സ്വദേശികളോടൊപ്പം വിദേശികളെയും എന്നും അതിരറ്റു സ്‌നേഹിച്ച അതുല്യ ഭരണാധികാരിയായിരുന്നു. സീമകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ ഉടമയും കാരുണ്യത്തി ന്റെ നിറകുടവുമായിരുന്നു. അതോടൊപ്പം പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും ശൈഖ് സായിദ് താലോലിക്കുകയും തന്റെ സ്‌നോഹ നിര്‍ഭരമായ മനസ്സ് അവര്‍ക്കുവേണ്ടിയും സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.

മാനുഷിക മൂല്യങ്ങളെ ഒരു ഭരണാധികാരി എത്രമാത്രം ആഴത്തില്‍ ചിന്തിക്കുകയും താലോലിക്കുകയും ചെയ്തിട്ടുണ്ടെന്ന ലോക ചിന്തക്ക് ശൈഖ് സായിദിനപ്പുറം മറ്റൊരു മറുപടിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തന്റെ രാജ്യത്തെയും ജനതയെയും അതിരറ്റു സ്‌നേഹിച്ച അദ്ദേഹം പാശ്ചാത്യന്‍ രാജ്യങ്ങളുടെ പുരോഗതി അറേബ്യന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നതിന് നടത്തിയ പരിശ്രമം വന്‍ വിജയം കാണുക തന്നെ ചെയ്തു.

തന്റെ സഹോദരനോടൊപ്പം നടത്തിയ പ്രഥമ വിദേശ യാത്രയാണ് യു.എ.ഇ യുടെ വികസനത്തില്‍ പരമപ്രധാന പങ്ക് വഹിച്ചത്. പാരീസിന്റെ പുരോഗതിയും സ്വിസര്‍ലാന്റിന്റെ സൗകുമാര്യതയും അറേബ്യന്‍ മണ്ണിലും പരിലസിപ്പിക്കണമെന്ന ശൈഖ് സായിദിന്റെ മോഹം പൂവണിയാന്‍ അധിക കാലമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. രാജ്യത്തിന്റെ പുരോഗതി സ്വപ്നം കണ്ടുകിടന്ന അദ്ദേഹം നിരവധി രാവുകള്‍ അതിനായി ഉറക്കമിളച്ചു കഠിനാദ്ധ്വാനം ചെയ്തു. അക്ഷരാഭ്യാസമില്ലാത്ത ജനതക്ക് വികസനത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയില്ലെന്ന സന്ദേശം തന്റെ ജനതക്ക് നല്‍കിയ അദ്ദേഹം വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തി. ഇതുവഴി ചുരുങ്ങിയ കാലത്തിനകം പതിറ്റാണ്ടുകളുടെ പരിവര്‍ത്തനം രാജ്യത്ത് ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

തന്റെ കഠിനാദ്ധ്വാനം വിഫലമാകുകയില്ലെന്ന ഉത്തമ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ദീര്‍ഘവീക്ഷണവും അടിയുറച്ച ആത്മവിശ്വാസവും ശൈഖ് സായിദിന്റെ കൈമുതലായിരുന്നു. തന്റെജനതയുടെ ഐശ്വര്യ പൂര്‍ണ്ണമായ ജീവിതത്തിനുവേണ്ടി അദ്ദേഹം മറ്റാരും ചിന്തിക്കാത്ത വിധത്തിലുള്ള ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. അതിലൂടെ അറേബ്യക്ക് അഭിമാനവും ലോകത്തിന് മാതൃകയുമായി പരിവര്‍ത്തനത്തിന്റെ പുത്തന്‍ പുലരികള്‍ വിടര്‍ന്നു. ഉറക്കമിളച്ചു കാത്തിരുന്ന പാതിരാവുകളിലെ ചിന്തകളൊന്നും വൃതാവിലായില്ല എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു.

വറ്റിവരണ്ട മരൂഭൂമിയ ഫലവത്തായ കൃഷിഭൂമിയും അര്‍ത്ഥവത്തായ സമ്പത് സമൃദ്ധിയിലേക്കും കൊണ്ടുവരുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അതിശയത്തോടെയല്ലാതെ നോക്കിക്കാണാനാവില്ല. രാജ്യത്തിനും ജനതക്കുമുണ്ടായ പുരോഗതി സസ്യലലാതികള്‍ക്കും ഉണ്ടാവണമെന്ന ബാബാ സായിദിന്റെ ചിന്ത മരുഭൂമിയെ മലര്‍വാടിയാക്കി മാറ്റി. ഈത്തപ്പനകള്‍ മാത്രം വളര്‍ന്നിരുന്ന മരുഭൂമിയില്‍ ഇതര പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും പൂക്കളുമെല്ലാം വ്യാപകമായി. സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അദ്ദേഹം മരങ്ങളെ യും മറ്റു സസ്യലലാതികളെയും തലോടി പോറ്റി വളര്‍ത്തി. അതുകൊണ്ടുതന്നെ ബാബാ സായിദിന്റെ വിയോഗത്തില്‍ മനുഷ്യരെപ്പോലെത്തന്നെ വൃക്ഷത്തലപ്പുകളും വിങ്ങിപ്പൊട്ടി.

webdesk13: