അബുദാബി: പൊലീസ് ഓപറേഷന്‍ റൂമില്‍ വിളിച്ച് ഈദിന് സമ്മാനം ആവശ്യപ്പെട്ട ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പൊലീസ്. ഷാര്‍ജയില്‍ താമസിക്കുന്ന സുമയ്യ അഹമ്മദാണ് ഖോര്‍ ഫക്കാനിലെ പൊലീസ് ഓപറേഷന്‍ റൂമിലേക്ക് ഫോണില്‍ വിളിച്ച് ഈദിന് സമ്മാനം നല്‍കുമോയെന്ന് ചോദിച്ചത്. കൊച്ചുകുട്ടിയോട് സമ്മാനം തരാമെന്ന് വാഗ്ദാനം ചെയ്ത പൊലീസ് പെരുന്നാള്‍ ദിവസം സമ്മാനവുമായി വിട്ടിലെത്തുകയായിരുന്നു.
ആദ്യം പൊലീസിനെ കണ്ട സുമയ്യയുടെ മാതാപിതാക്കള്‍ അമ്പരന്നുപോയെങ്കിലും സുമയ്യക്ക് സമ്മാനവുമായി എത്തിയതാണെന്ന് മനസ്സിലായതോടെ എല്ലാവര്‍ക്കും കൗതുകവും സന്തോഷവുമായി. തന്റെ മകള്‍ക്ക് സമ്മാനവുമായി എത്തിയ പോലീസിന് സുമയ്യയുടെ പിതാവ് നന്ദി അറിയിച്ചു.
തനിക്ക് പൊലീസീനോട് ബഹുമാനവും സ്നേഹവും ആണെന്നും ചെറിയപെരുന്നാളിന് സമ്മാനം തന്നതിന് നന്ദിയുണ്ടെന്നും പറയുന്ന സുമയ്യയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകി അവരിലൂടെ രാജ്യത്ത് സമാധാനവും സന്തോഷവും പരത്താനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ വലീദ് ഖയിംസി അല്‍യമാഹി അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ റമസാന്‍ സമയത്ത് തൊഴിലാളികള്‍ക്ക് ഇഫ്താറിന് സൗകര്യമൊരുക്കിയും ദുബായ് പൊലീസ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.