X
    Categories: gulfNews

യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ പത്തു ശതമാനം വര്‍ധന; ഇന്ന് 399 പേര്‍ക്കു കൂടി കോവിഡ്

ദുബൈ: യു.എ.ഇയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 399 പേര്‍ക്ക് കോവിഡ്. 316 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ 69,000ത്തിലേറെ പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 68,020 ആയി. ഇതില്‍ 59,070 പേരും രോഗമുക്തി നേടി. ആകെ മരണം 378. നിലവില്‍ ചികിത്സയില്‍ ഉള്ളത് 8,572 പേര്‍.
ഓഗസ്റ്റ് ആദ്യം മുതല്‍ ഇതുവരെ കോവിഡ് കേസുകളില്‍ പത്തു ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയില്‍ ഇത് ഒമ്പതര മുതല്‍ പന്ത്രണ്ടു ശതമാനം വരെയാണ് എന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഉമര്‍ ബിന്‍ ഹമ്മാദി പറഞ്ഞു. 0.5 ശതമാനമാണ് മരണത്തിന് കീഴടങ്ങിയവര്‍.
കോവിഡ് കേസുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയിലാണ് രാജ്യം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സാമൂഹിക അകലമടക്കം സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്കെതിരെ പിഴയടക്കം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

 

 

web desk 1: