അബുദാബി: യുഎഇയില്‍ ആയിരത്തി അഞ്ഞൂറിനടുത്തെത്തി പ്രതിദിന കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. 1315 പേര്‍ക്കായിരുന്നു ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം 1652 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. രണ്ടു പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,10,039 ആയി. രോഗമുക്തി നേടിയവര്‍ ഒരു ലക്ഷം കഴിഞ്ഞു. 1,01,650 പേരാണ് രോഗമുക്തി നേടിയത്. 450 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 7,930 പേര്‍ ചികിത്സയില്‍ കഴിയുന്നു.
പുതുതായി 103,000 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ ആകെ 11.2 ദശലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ജനസംഖ്യയേക്കാളേറെ കോവിഡ് പരിശോധന നടത്തിയ ആദ്യ രാജ്യമാണ് യുഎഇ.