ദുബൈ: യുഎഇയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചത് നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 930 കോവിഡ് കേസുകളാണ്. അഞ്ചു പേര്‍ മരണത്തിന് കീഴടങ്ങി. 586 പേര്‍ രോഗമുക്തരായി. ഇതുവരെ 76911 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 67945 പേര്‍ രോഗമുക്തരായി. 398 പേരാണ് മരിച്ചവര്‍.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഉയര്‍ന്ന തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 883 കേസുകളാണ് ഉണ്ടായിരുന്നത്. മെയ് 22നാണ് ഇതിന് മുമ്പ് ഇത്രയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 994 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര്‍ പരിശോധനയ്ക്ക് വിധേയരായി. പരിശോധന നടത്തിയവരില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ച മുക്കാല്‍ ലക്ഷത്തിലേറെ പേരില്‍ 90%വും രോഗമുക്തി നേടി ആശുപത്രി വിട്ടവരാണ്. മരണ നിരക്ക് 0.5 ശതമാനമാണ്.