തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാർസലിൽ കണക്ക് പ്രകാരം കാണേണ്ട 6758 മതഗ്രന്ഥങ്ങൾ എവിടെയെന്ന് ഇപ്പോഴും അജ്ഞാതം. കസ്റ്റംസിന്റെ രേഖകൾ പ്രകാരം യുഎ.ഇ കോൺസുലേറ്റിന്റെ പേരിലെത്തിയ 250 പാക്കറ്റുകൾക്ക് 4479 കിലോ ഭാരമുണ്ട്. ഇത് മതഗ്രന്ഥമായിരുന്നെന്നാണ് രേഖകളിലും വ്യക്തമാകുന്നത്. 500 ഗ്രാമിലധികം തൂക്കമുള്ളതാണ് ഓരോ മതഗ്രന്ഥവും. ആ കണക്ക് പ്രകാരമാണെങ്കിൽ 7750 മതഗ്രന്ഥങ്ങൾ എത്തിയിരിക്കണം.
സി ആപ്റ്റിൽ എത്തിച്ചത് 32 പാക്കറ്റുകളാണ്. ഒരു പാക്കറ്റിലുണ്ടായിരുന്ന 24 മതഗ്രന്ഥങ്ങൾ സി ആപ്റ്റ് ജീവനക്കാർ എടുത്തെന്നാണ് മന്ത്രി ജലീൽ നൽകുന്ന വിശദീകരണവും. സി ആപ്റ്റിെൻറ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 992 ഗ്രന്ഥങ്ങളാണ്. കണക്ക് പ്രകാരം ശേഷിക്കുന്ന 6758 മതഗ്രന്ഥങ്ങൾ ആര് എവിടേക്ക് കൊണ്ടുപോയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. അക്കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
ഈ തൂക്കവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം അന്വേഷണ ഏജൻസികൾ പ്രകടിപ്പിക്കുന്നത്. അതിനുപുറമെ സി ആപ്റ്റിന്റെ വാഹനത്തിന്റെ ജിപിഎസ് സംവിധാനം നഷ്ടമായതും ചില വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് പോയതും അജ്ഞാതമാണ്. അതിനു പുറമെ സി ആപ്റ്റിലെ ചില ജീവനക്കാരെ സ്ഥലം മാറ്റിയതും മറ്റ് ചിലർക്ക് ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതും ദുരൂഹമാണ്.
അക്കാര്യങ്ങളെല്ലാം കസ്റ്റംസും എന്‍ഐഎയും പരിശോധിക്കുന്നുമുണ്ട്. സി ആപ്റ്റിലെ ചില ജീവനക്കാരിൽനിന്ന് നിർണായകമായ ചില മൊഴികൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ആ ദിശയിലുള്ള അന്വേഷണവും പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരം.