അബുദാബി: ഖത്തര്‍ കപ്പിനു മുന്‍പ് ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് അവസാന വാം അപ് മത്സരം ഇന്ന് യുഎഇയുമായി. ഇന്ന് രാത്രി ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്ക് അബൂദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.
മെസിയെയും സഹ കളിക്കാരെയും നേരില്‍ കാണാന്‍ മലയാളികളടങ്ങിയ ആരാധകര്‍ വന്‍തുക നല്‍കിയാണ് ടിക്കറ്റ് സ്വന്തമാക്കിയത്. സ്വദേശികളും വിദേശികളുമെല്ലാം അര്‍ജന്റീനയുടെ കളി കാണാന്‍ കാത്തിരിക്കുകയാണ്. 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തുന്ന അര്‍ജന്റീന ഈ മാസം 22ന് ലോക കപ്പില്‍ സഊദി അറേബ്യയെ നേരിടും. 26ന് മെക്‌സിക്കോ, 30ന് പോളണ്ട് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന കളിക്കുക.
തിങ്കളാഴ്ച അബൂദാബിയിലെത്തിയ മെസി വൈകീട്ട് ടീമിനൊപ്പം പരിശീലനത്തിനെത്തി. പരിശീലനം കാണാന്‍ സ്റ്റേഡിയത്തില്‍ ആരാധകരുടെ വന്‍ പട തന്നെ എത്തിയിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതു പോലെ കാലു പിടിച്ചു നിന്ന മെസിയുടെ കാഴ്ച ഒരു നിമിഷത്തേക്കെങ്കിലും ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചു. പിന്നീട് മെസി തന്നെ സഹതാരം റൊഡ്രിഗോ ഡി പോളുമൊത്ത് ഇതൊരു തമാശയാക്കിയതോടെയാണ് പരിശീലനം കാണാനെത്തിയവര്‍ക്ക് ശ്വാസം വീണത്.
1990ല്‍ ഒരു തവണ മാത്രം ലോകകപ്പ് കളിച്ചിട്ടുള്ള യു.എ.ഇ ആദ്യ റൗണ്ടിനപ്പുറം ലോകകപ്പില്‍ എത്തിയിട്ടില്ല. 2022ലെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 2-1ന് തോറ്റാണ് യു.എ.ഇ പുറത്തായത്. ഇതിനു ശേഷം രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ച യു.എ.ഇ രണ്ടിലും പരാജയപ്പെട്ടിരുന്നു. പരാഗ്വേയോട് 1-0നും വെനസ്വേലയോട് 4-0നുമാണ് പരാജയപ്പെട്ടത്. സെപ്തംബറില്‍ ജമൈക്കയെ 3-0ന് പരാജയപ്പെടുത്തിയ സൗഹൃദ മത്സരത്തിനു ശേഷം സ്‌കലോനിയുടെ അര്‍ജന്റീനിയന്‍ സംഘം മത്സരത്തിനിറങ്ങിയിട്ടില്ല. അവസാനം കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച് വലിയ ആത്മ വിശ്വാസവുമായാണ് അര്‍ജന്റീന എത്തുന്നത്. 2019 ജൂലൈയില്‍ ബ്രസീലിനോടേറ്റ 2-0 തോല്‍വിക്കു ശേഷം അര്‍ജന്റീന പരാജയം അറിഞ്ഞിട്ടില്ല. ഇന്നു നടക്കുന്ന മറ്റു സ്ന്നാഹ മത്സരങ്ങളില്‍ ജര്‍മ്മനി-ഒമാന്‍, ഇറാന്‍-ടുണീഷ്യയേയും, സഊദി അറേബ്യ-ക്രോയേഷ്യയേയും, പോളണ്ട്-ചിലെയേയും നേരിടും.