X

യുഎഇയില്‍ 5,470 മസ്ജിദുകള്‍; ഏറ്റവും കൂടുതല്‍ അല്‍ഐനില്‍

അബുദാബി: യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുകള്‍ സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ക്ഷമയുടെയും കേന്ദ്രങ്ങളാണെന്ന് ഇസ്‌ലാമിക കാര്യ വകുപ്പ് വ്യക്തമാക്കി. 5,470 മസ്ജിദുകളാണ് മനുഷ്യന് സമാധാനവും ശാന്തിയും നല്‍കി യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ് ആരാധനാലയങ്ങളെന്ന് അധികൃതര്‍ പറഞ്ഞു. മനോഹരമായ മസ്ജിദുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും യു.എ.ഇ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.

2016 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 5,470 പള്ളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പള്ളികളുള്ള സ്ഥലമെന്ന ഖ്യാതി പൂന്തോട്ടങ്ങളുടെ നഗരിയെന്ന് അറിയപ്പെടുന്ന അല്‍ഐന് അവകാശപ്പെട്ടതാണ്. 1,073 പള്ളികളാണ് അല്‍ഐനിലുള്ളത്. പടിഞ്ഞാറന്‍ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലായി 935 പള്ളികളുമുണ്ട്. അബുദാബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 674 പള്ളികളാണുള്ളത്. ദുബൈ 389, ഷാര്‍ജയും ഖോര്‍ഫക്കാനും ചേര്‍ന്ന് 727, അജ്മാന്‍ 287, ഉമ്മുല്‍ഖുവൈന്‍ 165, റാസല്‍ഖൈമ 914, ഫുജൈറ 360 എന്നിങ്ങനെയാണ് യു.എ.ഇയിലെ മൊത്തം പള്ളികളുടെ കണക്ക്.

കഴിഞ്ഞ ഒരു വര്‍ഷത്തിനകം അല്‍ഐനില്‍ 54 മസ്ജിദുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇതില്‍ 40 പള്ളികള്‍ ഇതിനകം തന്നെ പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്തിട്ടുണ്ട്. 2016-’17 വര്‍ഷത്തില്‍ 94 പള്ളികളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണെന്നും അല്‍ഐന്‍ നഗരത്തിലും അല്‍ഐന്‍-അബുദാബി, അല്‍ഐന്‍-ദുബൈ ഹൈവേകളിലും മസ്ജിദുകള്‍ നിര്‍മിച്ചു വരുന്നുണ്ടെന്നും അല്‍ഐന്‍ ഔഖാഫ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഗൈഥി വ്യക്തമാക്കി.അല്‍ഐന്‍ വ്യവസായ നഗരിയില്‍ മികച്ച സൗകര്യങ്ങളോടെയാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

നിലവിലുണ്ടായിരുന്ന താല്‍ക്കാലിക സംവിധാനങ്ങളായ കാരവനുകള്‍ നീക്കം ചെയ്താണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മസ്ജിദുകള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.
മഅ്തറദില്‍ പുനര്‍നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ശൈഖ് ഹസ്സാ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. 1,500 മുതല്‍ 2,000 പേര്‍ക്ക് വരെ ഇവിടെ നമസ്‌കരിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

യു.എ.ഇയുടെ പൈതൃക മാതൃക വരച്ചു കാട്ടുന്ന ഇവിടെ പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും അംഗ ശുദ്ധീകരണത്തിന് കൂടുതല്‍ സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.

chandrika: