ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം ആഭിമുഖ്യത്തില്‍ ‘ഫോറം ഫോര്‍ ബെസ്റ്റ് ഗവണ്‍മെന്റ് പ്രാക്ടീസസ്’ ഇന്നലെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റുമായി അഫിലിയേറ്റ് ചെയ്തതാണ് ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം.
‘യൂത്ത് ഗവണ്‍മെന്റ്…ഫ്യൂചര്‍ ഗവണ്‍മെന്റ്’ എന്ന ശീര്‍ഷകത്തിലാണ് ഒമ്പതാം വര്‍ഷം ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഉദ്ഘാടന ചടങ്ങിലും അനുബന്ധ പരിപാടികളിലും സന്നിഹിതരായി. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ശൈബാനി ഉദ്ഘാടനം നിര്‍വഹിച്ചു.
ഈ വര്‍ഷം ശൈഖ് മുഹമ്മദിന്റെ ‘യൂത്ത് ഗവണ്‍മെന്റ്…ഫ്യൂചര്‍ ഗവണ്‍മെന്റ്’ എന്ന ആശയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സമൂഹത്തിലെ യുവാക്കളുടെ പങ്ക് തിരിച്ചറിഞ്ഞ് ഭാവി ഭരണകൂടത്തിലെ നേതാക്കളെന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ മേഖലകളില്‍ അവരുടെ സര്‍ഗാത്മകതയും പദവിയും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന നിലയില്‍ അവരെ ഭാഗഭാക്കാക്കുന്ന ശൈഖ് മുഹമ്മദിന്റെ നീക്കങ്ങള്‍ ഏറെ പ്രസക്തമാണെന്ന് ശൈബാനി പറഞ്ഞു.
”യുവാക്കളുടെ യഥാര്‍ത്ഥ പങ്കാളിത്തമില്ലാതെ സുസ്ഥിര വികസനം സൃഷ്ടിക്കാന്‍ ഒരു ഭരണകൂടത്തിന് സാധ്യമല്ല” എന്ന ശൈഖ് മുഹമ്മദിന്റെ ആശയത്തിന്റെ അന്ത:സത്ത ഏറെ പ്രസ്‌ക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലത്തെ സെഷനില്‍ ഇഅ്മാര്‍ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍അബ്ബാര്‍ പ്രഭാഷണം നടത്തി.