സമിതി രൂപീകരിച്ച് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ആദ്യ സംഘാടക സമിതി യോഗം ചേര്‍ന്നു. രാജ്യത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സര വേദിയായ കൊച്ചിയിലെ മുന്നൊരുക്കങ്ങളില്‍ കേരളം അലംഭാവം കാണിക്കുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ സംഘാടക സമിതിയ യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നത്. ദശലക്ഷം ഗോളുകള്‍ പദ്ധതിയിലൂടെ ലോക റെക്കോഡ് സ്ഥാപിച്ച് ലോകകപ്പ് പ്രചരണങ്ങള്‍ തുടങ്ങാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. കേരളമൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ ഗോള്‍പോസ്റ്റുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. വിവിധ രംഗത്തുള്ളവരുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ ലോകത്തില്‍ ഇന്ന് വരെയുള്ള റെക്കോഡുകള്‍ ഭേദിക്കലാണ് ലക്ഷ്യം. മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ പ്രചരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനമെടുത്തു. സെപ്തംബര്‍ 22ന് ലോകകപ്പ് ട്രോഫി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രദര്‍പ്പിക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെയായിരിക്കും പ്രദര്‍ശനം. 23,24 തിയതികളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രോഫിയുമായി പര്യടനം നടത്തും. ദശലക്ഷം ഗോള്‍ പദ്ധതി, ലോഗോ പ്രകാശനം എന്നിവയുടെ തീയതികള്‍ 27ന് മുഖ്യമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന യോഗത്തില്‍ തീരുമാനിക്കും. ഓണക്കാലത്ത് ലോകകപ്പിന്റെ ഭാഗ്യമുദ്രയായ കേലിയോ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കും. 17.77 കോടി ചെലവില്‍ നഗര സൗന്ദര്യവത്കരണ പരിപാടികള്‍ നടത്തിവരികയാണെന്ന് യോഗ ശേഷം നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. പ്രധാന വേദി, നാലു പരിശീലന ഗ്രൗണ്ടുകള്‍, അനുബന്ധ റോഡുകള്‍, പാര്‍ക്കിങ് സംവിധാനം, ഇരിപ്പിടങ്ങള്‍, മഹാരാജാസ് കോളജ് പവിലിയന്‍ പുനരുദ്ധാരണം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. പൊതുമരാമത്ത്, കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.