വാഷിങ്ടണ്‍: ആണവ സംയോജനം(ന്യൂക്ലിയര്‍ ഫ്യൂഷന്‍) വഴി ചെലവു കുറഞ്ഞതും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതുമായ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ വീണ്ടും നേട്ടം കൈവരിച്ച് യു.എസ് ശാസ്ത്രജ്ഞര്‍. ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയില്‍ കഴിഞ്ഞ ഡിസംബറില്‍ ഉല്‍പാദിപ്പിച്ചതിനെക്കാള്‍ ഉയര്‍ന്ന അളവിലുള്ള ഊര്‍ജമാണ് ഇത്തവണ ലഭിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.
ആണവ സംയോജനത്തിലൂടെ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ പരീക്ഷണമാണിത്. അന്തിമ ഫലങ്ങള്‍ പരശോധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗ്രഹ വാതകങ്ങള്‍ പുറംതള്ളുന്ന കല്‍ക്കരിക്കും ക്രൂഡ് ഓയിലിനും പകരം വെക്കാവുന്ന ശുദ്ധവും സുരക്ഷിതവും സമൃദ്ധവുമായ ഊര്‍ജമാണ് ന്യൂക്ലിയര്‍ ഫ്യൂഷനില്‍ ലഭിക്കുകയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ ആണവോര്‍ജ നിലയങ്ങളില്‍ ന്യൂക്ലിയര്‍ ഫിഷനാണ് സംഭവിക്കുന്നത്. ആണവ സംയജനത്തില്‍ അപകട സാധ്യത കുറവാണ്. പക്ഷേ, വ്യാവസായികാടിസ്ഥാനത്തില്‍ ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടിവരും. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള നാഷണല്‍ ഇഗ്നിഷന്‍ ഫെസിലിറ്റിയിലെ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണത്തില്‍ വീണ്ടും ‘നെറ്റ് എനര്‍ജി ഗെയിന്‍’ സാധ്യമായത് ഗവേഷകര്‍ക്ക് ആവേശം പകരുന്നുണ്ട്. രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. ഈ പ്രക്രിയയിലും വലിയ അളവില്‍ ഊര്‍ജ്ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജനിര്‍മാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷന്‍ രീതിയിലാണ്.