പ്യോങ്യാങ്: ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസത്തിനെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ. സൈനികനീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ മുന്നറിയിപ്പ് നല്‍കി.
ഇരു രാജ്യങ്ങളും ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ചെറു പ്രഹരമുണ്ടാക്കിയാല്‍ പോലും വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് കൊറിയന്‍ പീപ്പിള്‍സ് ആര്‍മി പറയുന്നു. ഏപ്രില്‍ അവസാനം വരെ നീളുന്ന ഫോള്‍ ഈഗിള്‍ എന്ന സൈനിക അഭ്യാസത്തിന് ഇന്നലെയാണ് അമേരിക്കയും ദക്ഷിണ കൊറിയയും കൈകോര്‍ത്തത്. യുഎസ്.എസ് കാള്‍ വിന്‍സണ്‍ യുദ്ധ വിമാന വാഹിനി ഉള്‍പ്പെടെ അമേരിക്കയുടെ പ്രതിരോധശേഷി തെളിയിക്കുന്ന ആയുധങ്ങള്‍ കൊറിയന്‍ തീരത്തേക്ക് എത്തിക്കുമെന്നാണ് പ്രാദേശിക റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലേയും പ്രമുഖ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. നാലു വിഭാഗങ്ങളുള്‍പ്പെട്ട ദൗത്യമാണ് ഉത്തരകൊറിയക്കെതിരെ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെ ചൈനയും റഷ്യയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരകൊറിയയും രംഗത്തെത്തിയിരിക്കുന്നത്. സംയുക്ത ആക്രമണം ഉണ്ടായാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഉത്തരകൊറിയ അറിയിച്ചു.