X

ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ജറുസലേമില്‍ ഇന്ന് അമേരിക്കന്‍ എംബസി തുറക്കും

ജറുസലേം: പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്കഭൂമിയായ ജറുസലേമില്‍ അമേരിക്കന്‍ എംബസി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്‍ തുറക്കുന്നത്. ഇന്ന് ഇസ്രായേല്‍ രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷികദിനമാണ്.

ലോക രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രപരമായി അമേരിക്കക്ക് ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പുതിയനീക്കം. വര്‍ഷങ്ങളായി തുടരുന്ന അമേരിക്കയുടെ വിദേശനയത്തില്‍ മാറ്റംവരുത്തി ഫലസ്തീന് വൈകാരിക ബന്ധമുള്ള ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിനോട് ട്രംപിനുള്ള പ്രതേക താത്പര്യമാണ് ഇത്തരമൊരു വിവാദ നീക്കത്തിനു പിന്നില്‍.

ചടങ്ങില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ട്രംപ് സംസാരിക്കും. ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപും ഭര്‍ത്താവ് ജാറെഡ് ക്രൂഷ്‌നറും ജറുസലേമില്‍ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിനിധിയായി ജൂതനായ ക്രൂഷ്‌നറെ ട്രംപ് നിയോഗിച്ചതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ചടങ്ങുകള്‍.

പതിറ്റാണ്ടുകളായി തര്‍ക്കഭൂമിയായി നിലനില്‍ക്കുന്ന ജറുസലേമില്‍ മറ്റൊരു രാജ്യത്തിന്റെയും എംബസി പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ ലോകരാഷ്ട്രങ്ങളുടെയും പലസ്തീന്റെയും എതിര്‍പ്പും പ്രതിഷേധവും വകവെക്കാതെയാണ് ട്രംപിന്റെ നീക്കം. തെക്കന്‍ ജറുസലേമിലെ അര്‍നോനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. കോണ്‍സുലേറ്റിലേക്കാണ് താത്കാലികമായി എംബസി മാറ്റുന്നത്. ഇസ്രായേലിലെ എണ്ണൂറ്റിയന്‍പതോളം വരുന്ന യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും നിലവില്‍ ടെല്‍ അവീവില്‍ തുടരും.

അമേരിക്കയുടെ എംബസി മാറ്റാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധത്തിനാണ് ഫലസ്തീന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്് . വിഭജനത്തിന്റെ ദിനമായ നഖ്ബ ഫലസ്തീന്‍ ആചരിക്കുന്ന മേയ് 15ന് മുന്നോടിയായി ഒരു ദിവസം മുന്‍പ് എംബസി ഉദ്ഘാടനം ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന് വിലയിരുത്തലുണ്ട്. ഇതിനാല്‍ ജറുസലേമിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

chandrika: