X
    Categories: MoreViews

പ്രതിരോധിച്ച് യുഎസും-ദക്ഷിണ കൊറിയയും; ഇരുരാജ്യങ്ങളും സൈനികാഭ്യാസം ആരംഭിച്ചു

സോള്‍: ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ വ്യോമാഭ്യാസവുമായി യുഎസും ദക്ഷിണ കൊറിയയും. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന് ഇന്നലെ തുടക്കമായി. അഞ്ചു ദിവസത്തെ പ്രകടനത്തില്‍ എഫ്-22 റാപ്റ്റര്‍ പോര്‍വിമാനം ഉള്‍പ്പെടെ 230 വിമാനങ്ങള്‍ പങ്കെടുക്കും. പതിനായിരത്തോളം സൈനികരും പങ്കാളികളാകുമെന്ന് ദക്ഷിണ കൊറിയന്‍ വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തര കൊറിയ പ്രഹരശേഷിയേറിയ ബാലിസ്റ്റിക് മിസൈലായ ഹ്വാവ് സാങ്-15 വിക്ഷേപിച്ചിരുന്നു. യുഎസ് മുഴുവനായും ഈ മിസൈലിന്റെ പരിധിയില്‍ വരുമെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കിയത്. രാജ്യം പൂര്‍ണമായും ആണവായുധ ശേഷി കൈവരിച്ചതായി ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസത്തിന് തുടക്കമിട്ടത്.

വിജിലന്‍സ് എസ് എന്ന പേരിലുള്ള സംയുക്താഭ്യാസ പ്രകടനം ഇരു രാജ്യങ്ങളുടെയും സൈനിക ശേഷി വിളിച്ചറിയിക്കുന്നതാണെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. കൊറിയന്‍ മേഖലയില്‍ അമേരിക്കയുടെ സൈനിക വിന്യാസം ശക്തമാക്കുന്നതിനു ഇരുരാജ്യങ്ങളും തമ്മില്‍ ഒക്ടോബറില്‍ നിലവില്‍ വന്ന കരാര്‍ പ്രകാരമാണ് സൈനിക പ്രകടനം.

അതേ സമയം, സൈനികാഭ്യാസത്തിനെതിരെ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം ഉയര്‍ന്നു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ യുഎസ് സ്ഥാനപതി കാര്യാലയത്തിനു പുറത്ത് നൂറുകണക്കിന് പേര്‍ പ്ലക്കാര്‍ഡുകളുമായി തടിച്ചു കൂടി. സൈനികാഭ്യാസം നിര്‍ത്തണമെന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

chandrika: