വാഷിങ്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് അമേരിക്ക. ആഗോള വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോപണമുള്ളത്.കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, ബലപ്രയോഗങ്ങള്‍, ഭീഷണികള്‍ എന്നിവക്ക് ന്യൂനപക്ഷങ്ങള്‍ നിരന്തരം ഇരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ മന്ത്രാലയത്തിന്റെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്രിങ്കന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ വംശീയമായി ഒറ്റപ്പെടുത്തുന്ന നീക്കങ്ങളും ഇന്ത്യയില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ രാജ്യങ്ങളിലേയും മത സ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കയുടെ കാഴ്ചപ്പാടാണ് അതത് രാജ്യങ്ങളുടെ പേര് സഹിതം റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഗോരക്ഷാ സംഘങ്ങളുടെ ആക്രമണങ്ങള്‍, ആള്‍കൂട്ട കൊലപാതകങ്ങള്‍, പൗരത്വ നിയമ ഭേദഗതി നീക്കം അടക്കമുള്ളവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയില്‍ മുസ്്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരേ ഡി.എന്‍.എ ആണെന്നും ആരും ആര്‍ക്കും മുകളിലല്ലെന്നുമുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുന്‍ സര്‍ക്കാറുകള്‍ മുസ്്‌ലിംകള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നതെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗവും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. 179ഓളം സര്‍ക്കാരിതര സംഘടനകളുടെ എഫ്.ആര്‍. സി.എ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര നടപടിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.