X

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം; തടയാനൊരുങ്ങി അമേരിക്ക

ദോഹ: ഖത്തറിനെ ഒറ്റപ്പെടുത്താനോ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനോയുള്ള ശ്രമങ്ങള്‍ അധികകാലം മൂന്നോട്ട് പോകാന്‍ അമേരിക്ക അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. അറബ് സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന തന്ത്രപ്രധാന ചര്‍ച്ചകളുടെ(സ്റ്റാറ്റര്‍ജിക് ഡയലോഗ്) വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഖത്തറും അമേരിക്കയും തുടരുന്ന ചര്‍ച്ചകളുടെ വിജയകരമായ ആദ്യ പ്രതിഫലനമാണ്, ഖത്തറിനെതിരെയുള്ള ഒരു തരത്തിലുള്ള സൈനിക നടപടിയും അനുവദിക്കില്ലെന്ന അമേരിക്കയുടെ ഔദ്യോഗിക പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തര്‍ അമേരിക്കയുടെ സ്ഥിരവും ശക്തവുമായ പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ടും ഭീകരവാദം തടയുന്നതിനും ഈ പങ്കാളിത്തത്തിന് വലിയ പ്രധാന്യമുണ്ടെന്നും വൈറ്റ്ഹൗസ് മനസ്സിലാക്കിയതായും റിപ്പോര്‍ട്ടില്‍ വശദീകരിക്കുന്നു. വാഷിങ്ടണ്‍ ഡി.സിയില്‍ ജനുവരി 30നാണ് ഖത്തറും അമേരിക്കയും തമ്മിലുള്ള സ്റ്റാറ്റര്‍ജിക്കല്‍ ഡയലോഗിന് തുടക്കം കുറിച്ചത്.

ഖത്തറിന്റെ ആഭ്യന്തര, പരമാധികാര സുരക്ഷയ്ക്ക് എതിരെ വരുന്ന ഏത് ഭീഷണിയെയും സംയുക്തമായി നേരിടും എന്നതായിരുന്നു ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനമെടുത്തത്.
ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അധിക കാലം അനുവദിക്കാനാവില്ലെന്ന് ശക്തമായ സന്ദേശമാണ് സ്റ്റാറ്റര്‍ജിക് ഡയലോഗിലൂടെ അമേരിക്ക, സഊദിക്കും യു.എ.ഇക്കും നല്‍കിയതെന്നും അമേരിക്കയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഉപരോധവും തുടര്‍ന്നുള്ള സംഭവങ്ങളും ഗള്‍ഫ് മേഖലയിലെയും മിഡില്‍ ഈസ്റ്റിലെയും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിഘാതമാണെന്ന വിലയിരുത്തലിലാണ് നിലവില്‍ അമേരിക്ക.
ഗള്‍ഫ് പ്രതിസന്ധിക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് സ്റ്റാറ്റര്‍ജിക്് ഡയലോഗില്‍ അമേരിക്കന്‍ വിദേശ, പ്രതിരോധ സെക്രട്ടറിമാര്‍ ശക്തമായി വാദിച്ചത്. എല്ലാവരും പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും വഷളാക്കാനുള്ള ഒരു ശ്രമവും ഉണ്ടാവരുതെന്നും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നുമാണ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയത്. ഖത്തറിന്റ പരമാധികാരത്തെ ബഹുമാനിച്ചും ജി.സി.സിയുടെ ഐക്യം നിലനിര്‍ത്തിയുമുള്ള പ്രശ്‌നപരിഹാരം എത്രയും പെട്ടന്ന് ഉണ്ടാവണമെന്നും മേഖലയുടെയും മേഖലയിലെ ജനങ്ങളുടെയും നേരെയുണ്ടാവുന്ന ഭീഷണികളെ നേരിടുന്നതിനും ജനങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് സാഹചര്യമൊരുക്കുന്നതിന് ഇത് അനിവാര്യമാണെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: