X

ഭീതി വിതച്ച് ഹൈമ ചുഴലിക്കാറ്റ് : ഫിലിപ്പൈന്‍സില്‍ 12 മരണം

മനില: ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച ഹൈമ ചുഴലിക്കാറ്റ് ചൈനീസ് തീരത്തെത്തി. ഫിലിപ്പൈന്‍സില്‍ ഹൈമ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ 12 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷികളും മറ്റും നശിക്കുകയും ചെയ്തിരുന്നു.
ഫിലിപ്പൈന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശം വിതച്ചത്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫിലിപ്പൈന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു ഹൈമ. 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

കഗയാനില്‍ മാത്രം 60,000 ഹെക്ടര്‍ നെല്‍പ്പാടം നശിച്ചു. വന്‍തോതില്‍ മണ്ണിടിച്ചിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ നിന്നും 109 കിലോമീറ്റര്‍ വേഗതയില്‍ ഹോങ്കോങിലേക്ക് പ്രവേശിച്ച കാറ്റ് ഹോങ്കോങിലും വ്യാപക നാശം വിതച്ചിട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് നീങ്ങുന്നത്. കാറ്റിനെ തുടര്‍ന്ന് ഹോങ്കോങില്‍ നിന്നുമുള്ള 700 വിമാനങ്ങള്‍ റദ്ദാക്കുകയോ, വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

റോഡില്‍ നിന്നും വാഹനങ്ങള്‍ പൂര്‍ണമായും വിട്ടു നിന്നതോടെ തീര്‍ത്തും വിജനമായ അന്തരീക്ഷമാണ് ഇന്നലെ ഹോങ്കോങില്‍ അനുഭവപ്പെട്ടത്. കാറ്റിനു പിന്നാലെ ഹോങ്കാങില്‍ കനത്ത മഴ പെയ്യുന്നുണ്ട്. ആറു മണിക്കൂറിനിടെ 66 മില്ലീമീറ്റര്‍മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ദക്ഷിണ ചൈന കടലിലെ ഗാങ്‌ടോങ് തീരത്തോട് ഹൈമ അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗാങ്‌ടോങ്, ഫ്യൂജിയാന്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

chandrika: