ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ പരിഹാരസമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം പരിഹാരസമയം നൽകുന്നത് .അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐഎച്ച്ആർഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.