ഡോ. വിമല്‍ എം. വി
സീനിയര്‍ കണ്‍സല്‍ട്ടന്റ് എന്റോക്രൈനോളജിസ്റ്റ്
ആസ്റ്റര്‍ മിംസ് കോഴിക്കോട്.
മനുഷ്യനോളം തന്നെ പഴക്കമുള്ള രോഗാവസ്ഥയാണ് പ്രമേഹവും എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. പ്രാചീന കാലം മുതല്‍ക്ക് തന്നെ പ്രമേഹത്തെ സംബന്ധിച്ചും വിഭിന്നങ്ങളായ ചികിത്സാ രീതികളെ സംബന്ധിച്ചുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.
1921 ജൂലൈ 27ാം തിയ്യതി കനേഡിയന്‍ സ്വദേശിയായ സര്‍ജന്‍ ഡോ. ഫ്രെഡറിക് ബാന്റിംഗും, അദ്ദേഹത്തിന്റെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ചാള്‍സ് ബെസ്റ്റും ചേര്‍ന്നാണ് പ്രമേഹത്തിന് കാരണമാകുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിനെ വേര്‍തിരിച്ചെടുത്തത്. പ്രമേഹ ചികിത്സയിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇത്. ഈ കണ്ടുപിടുത്തത്തെ തുടര്‍ന്ന് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ സാധ്യത തെളിഞ്ഞ് വരികയും 1922 ജനുവരി 11ാം തിയ്യതി ലിയോണാര്‍ഡ് തോംസണ്‍ എന്ന 14 വയസ്സുകാരന് ആദ്യമായി ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുകയും ചെയ്തു.
നൂറ്റാണ്ടുകളുടെ പരിണാമത്തിനിടയില്‍ ഇത്തരത്തിലുള്ള ശ്രദ്ധേയങ്ങളായ അനേകം പുരോഗതികള്‍ പ്രമേഹ രോഗത്തിലും, ചികിത്സയിലുമെല്ലാം വന്ന് കഴിഞ്ഞു. ഇതില്‍ രോഗവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ ഒരു മാറ്റമാണ് ചെറുപ്പക്കാരിലും കുഞ്ഞുങ്ങളിലും ടൈപ്പ് 2 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹം കണ്ട് തുടങ്ങിയത്. കുറച്ച് കാലം മുന്‍പ് വരെ മുതിര്‍ന്നവരിലായിരുന്നു പ്രധാനമായും ടൈപ്പ് 2 പ്രമേഹം കാണപ്പെട്ടിരുന്നത്്. എന്നാല്‍ സമീപകാലത്തായി കുഞ്ഞുങ്ങളിലും ചെറുപ്പക്കാരിലുമെല്ലാം ടൈപ്പ് 2 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹം വ്യാപകമായി കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
എന്താണ് ടൈപ്പ് 2 പ്രമേഹം
കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്നത് ടൈപ്പ് 1 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹമാണ്. ഇന്‍സുലിന്റെ അഭാവം മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. എന്നാല്‍ രക്തത്തിലുള്ള ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ടൈപ്പ് 2 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹം.
പ്രധാന കാരണങ്ങള്‍.
ജീവിത ശൈലിയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.
വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, ഭക്ഷണ രീതിയിലെ മാറ്റം, പാരമ്പര്യം, ടി വി ക്കും മൊബൈല്‍ ഫോണിനും മുന്നില്‍ ദീര്‍ഘസമയം ചെലവഴിക്കല്‍, തുടങ്ങിയവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
രോഗലക്ഷണം.
സാധാരണ പ്രമേഹത്തിന് കാണപ്പെടുന്ന പൊതുവായ ലക്ഷണങ്ങള്‍ തന്നെയാണ് ടൈപ്പ് 2 വിഭാഗം ബാധിക്കുന്ന കുഞ്ഞുങ്ങളിലും കൗമാരപ്രായക്കാരിലും കാണപ്പെടുന്നത്.
അമിതദാഹം, വിശപ്പ്., ക്ഷീണം, ഇടക്കിടെ മൂത്രം ഒഴിക്കുക, വിട്ടുമാറാത്ത അണുബാധ, ഫംഗസ് ബാധ മുതലായ ലകഷണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. ടൈപ്പ് 1 പ്രമേഹത്തില്‍ ഈ ലക്ഷണങ്ങള്‍ വളരെ വേഗത്തില്‍ തന്നെ കാണപ്പെടുമെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍ ഇത് സാവധാനത്തില്‍ പുരോഗതി പ്രാപിച്ച് വരികയാണ് ചെയ്യുക എന്ന വ്യത്യാസവുമുണ്ട്.
ചികിത്സ
രോഗത്തിന്റെ അവസ്ഥ, വ്യക്തിയുടെ ശാരീരികാവസ്ഥ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഡോക്ടര്‍ ചികിത്സ നിര്‍ദ്ദേശിക്കുക. ടൈപ്പ് 1 നെ അപേക്ഷിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ കുറച്ച് കൂടി എളുപ്പമുള്ള രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ആവശ്യമായി വരികയാണെങ്കില്‍ മരുന്ന്, ഇന്‍സുലിന്‍ മുതലായവ ഡോക്ടര്‍ നിര്‍ദ്ദേശിക്കും. കൂടാതെ ആഹാര സംബന്ധമായ നിയന്ത്രണങ്ങള്‍, സ്ഥിര വ്യായാമം, അമിതവണ്ണം നിയന്ത്രിക്കുക തുടങ്ങിയവ നിര്‍ദ്ദേശിക്കപ്പെടും.