കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പര്യടനം നടത്തി കൊണ്ടിരിക്കുകയാണ്. യാത്രയെ ആവേശം കൊള്ളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ഒരു കുട്ടി തന്റെ പണം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നതാണ് ദൃശ്യം. ഭാരത് ജോഡോ യാത്രയ്ക്കായി സ്വരുക്കൂട്ടിയ പണമാണ് കുട്ടി രാഹുല്‍ ഗന്ധിക്ക് നല്‍കുന്നത്. ചെറിയ തുകകള്‍ നീക്കിവെച്ചാണ് താന്‍ ഈ പണം സ്വരൂപിച്ചതെന്ന് കുട്ടി പറഞ്ഞു.
ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. യാത്ര തുടങ്ങിയതു മുതലാണ് കുട്ടി പണം സ്വരൂപിക്കാന്‍ തുടങ്ങിയത്. ഭാരത് ജോഡോ യാത്രയ്ക്ക് എന്തിനാണ് പണം സ്വരൂപിച്ചതെന്ന് ചോദിച്ചപ്പോള്‍ ‘എല്ലാവരേയും കൂടെ കൊണ്ടുപോകുന്ന രാഹുല്‍ സാറിനെ എനിക്ക് ഇഷ്ടമാണെന്ന്’ കുട്ടി വീഡിയോയില്‍ പറയുന്നു. ‘യാത്രയെക്കുറിച്ച് മനസ്സിലാക്കിയിടത്തോളം. മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ വഴക്കും തര്‍ക്കവുമുണ്ട്. ഈ അവസ്ഥ മാറ്റാനാണ് ഭാരത് ജോഡോയെന്ന് കുട്ടി പറഞ്ഞു.
കുട്ടിയില്‍ നിന്ന് പണക്കുടുക്ക സ്വീകരിച്ച ശേഷം രാഹുല്‍ ഗാന്ധി കുട്ടിയെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ഈ പണം എനിക്ക് അമൂല്യമാണ്, അളവറ്റ സ്‌നേഹത്തിന്റെ നിധി’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.