X

കരിപ്പൂര്‍ വിമാനദുരന്തത്തിന് രണ്ട് വര്‍ഷം; രക്ഷകര്‍ക്ക് സമ്മാനവുമായി യാത്രക്കാരെത്തുന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടം നടന്നയുടന്‍ നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ജീവന്‍പോലും പണയം വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം ദേശീയ തലത്തില്‍ തന്നെ ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. അപകടം നടന്ന ആദ്യനിമിഷങ്ങളില്‍ ഓടിയെത്തിയ നൂറു കണക്കിനാളുകളുടെ ഇടപെടലാണ് മരണ സംഖ്യ കുറച്ചത്.

സ്വന്തം ജീവന്‍ പോലും നോക്കാതെ അപകടത്തില്‍പ്പെട്ട യാത്രക്കാരെ രക്ഷിക്കാനെത്തിയ കൊണ്ടോട്ടിക്കാരുടെ സ്‌നേഹത്തിന് അപകടത്തില്‍പ്പെട്ടവരുടെ കൂട്ടായ്മ തിരിച്ചൊരു സമ്മാനം കൊടുക്കാനുള്ള ഒരുക്കത്തിലാണ്. എന്‍.എച്ച് കോളനിയിലെ രോഗികളുടെ ആശാകേന്ദ്രമായ ചിറയില്‍ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിര്‍മിക്കാനുള്ള തുകയാണ് ഇവരുടെ സമ്മാനം. യാത്രക്കാര്‍ക്ക് വിമാനകമ്പനി നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്നും ചെറിയ സംഖ്യ മാറ്റിവെച്ചാണ് കെട്ടിടം പണിയുന്നത്. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ രൂപീകരിച്ച എം.ഡി. എഫ് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ധാരണാപത്രം കൈമാറ്റം ഞായറാഴ്ച്ച രാവിലെ 10ന് വിമാനത്താവള പരിസരത്തുനിന്നും നടക്കുന്ന ചടങ്ങളില്‍ മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

കരിപ്പൂര്‍ വിമാനാപകട ആക്ഷന്‍ ഫോറം ചെയര്‍മാന്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനാകും. പി അബ്ദുല്‍ഹമീദ് എംഎല്‍എ, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.സി ഫാത്തിമത്ത് സുഹറാബി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസന്‍, ഡി.എം.ഒ ഡോ.കെ.രേണുക പങ്കെടുക്കും.

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട വിമാനത്തില്‍ 184 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 19 പേരാണ് മരണപ്പെട്ടത്. ഇതില്‍ നിരവധി പേര്‍ക്ക് മാരകമായി പരിക്കുപറ്റി. ഇവരില്‍ രണ്ടുപേര്‍ക്ക് ഒഴികെ എല്ലാവര്‍ക്കും എയര്‍ ഇന്ത്യയുടെ നഷ്ടപരിഹാരം ലഭിച്ചു. സാേങ്കതിക തടസ്സങ്ങള്‍ നീങ്ങി രണ്ടുപേര്‍ക്കും ഈ ആഴ്ച്ചയില്‍ തന്നെ തുക ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മരണപ്പെട്ടവര്‍ക്കും മാരകമായി പരിക്കുപറ്റിയവര്‍ക്കുമെല്ലാം ഏഴുകോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. വിമാന ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്. രണ്ടുവര്‍ശഷമായി യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ചുരുങ്ങിയ കാലം കൊണ്ട് മുഴുവന്‍ യാത്രക്കാരുടെയും നഷ്ടപരിഹാര തുക വാങ്ങിനല്‍കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് എം.ഡി. എഫ് ഭാരവാഹികള്‍ പറഞ്ഞു.

മംഗലാപുരം വിമാനാപകം കഴിഞ്ഞ് 12 വര്‍ഷമായിട്ടും ഇനിയും നഷ്ടപരിഹാര തുക ലഭിക്കാത്തവരായിട്ടുണ്ടെന്നും എം.ഡി.എഫ് പ്രവര്‍ത്തകരുടെ നിതാന്ത ശ്രമങ്ങളാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരതുക വേഗത്തില്‍ ലഭ്യമാകാന്‍ ഇടയാക്കിയതെന്ന് അബ്ദുറഹിമാന്‍ ഇടക്കുനി, സമീര്‍ വടക്കന്‍, അഷറഫ് കളത്തിങ്കല്‍പ്പാറ, അഷറഫ് കാപ്പാടന്‍ എന്നിവര്‍ പറഞ്ഞു.

Test User: