കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി കണക്കുകള്‍. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ 7.38 ലക്ഷം പേര്‍ ഭവനരഹിതരായി. തകര്‍ക്കപ്പെട്ട വീടുകള്‍ മിക്കതും മുസ്ലിംകളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2022-23 വര്‍ഷത്തെ ഹൗസിങ് ആന്റ് ലാന്‍ഡ് റൈറ്റ്സ് നെറ്റ്വര്‍ക്കിന്റെ (എച്ച്എല്‍ആര്‍എന്‍) കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങള്‍ 1,53,820 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഗ്രാമ-നഗര മേഖലയില്‍ 7,38,438 പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 2017 മുതല്‍ 2023 വരെ അഞ്ചു വര്‍ഷം 10.68 ലക്ഷം പേരെ ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കല്‍ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഴിപ്പിക്കല്‍ വര്‍ഷംപ്രതി കൂടി വരുന്ന പ്രവണതയുമുണ്ട്. 2019ല്‍ 1,07,625 നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ല്‍ ഇത് 2,22,686 ആയി. 2023ല്‍ 5,15,752.
ചേരി ഒഴിപ്പിക്കല്‍, അനധികൃത നിര്‍മാണം തകര്‍ക്കല്‍, നഗരസൗന്ദര്യവല്‍ക്കരണം തുടങ്ങിയ വിവിധ കാരണങ്ങളാണ് കുടിയൊഴിപ്പിക്കലിനായി സര്‍ക്കാറുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2023ല്‍ ഇത്തരത്തില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടന്ന പ്രധാന പ്രദേശങ്ങള്‍ ഇവയാണ്- മധ്യപ്രദേശിലെ ജിറാപൂര്‍ ഗ്രാമം, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജും സഹാറന്‍പൂരും, ഹരിയാനയിലെ നൂഹ്, ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരി. ഇവിടങ്ങളിലെ നിയമവിരുദ്ധ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ കിടപ്പാടമാണ് ഈ പ്രദേശങ്ങളില്‍ തകര്‍ത്തതെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
ജഹാന്‍ഗിര്‍പുരിയില്‍ 2022 ഏപ്രില്‍ 20ന് ഹനുമാന്‍ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എന്‍ഡിഎംസി) 12 കമ്പനി സിആര്‍പിഎഫ് പട്ടാളക്കാരുടെ സഹായത്തോടെ തകര്‍ത്തത് 25 കടമുറികളും വീടുകളുമായിരുന്നു. ഇതെല്ലാം മുസ്ലിംകളുടേതായിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മുസ്ലിംകളുടെ 16 വീടുകളും 29 കടകളുമാണ് അധികൃതര്‍ പൊളിച്ചു കളഞ്ഞത്. പ്രധാനമന്ത്രി ആവാസ് യോജ്ന പദ്ധതിക്ക് കീഴില്‍ ലഭിച്ച വീടുകള്‍ കൂടി ഇതില്‍ തകര്‍ക്കപ്പെട്ടു.
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ബുള്‍ഡോസര്‍ രാജ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാവുന്ന സാഹചര്യത്തില്‍ രാജ്യത്ത് 17 ദശലക്ഷം വീടുകളുണ്ടെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് ബുള്‍ഡോസര്‍ രാജ് പ്രവര്‍ത്തിക്കുന്നെതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെക്കാലമായി ചൂണ്ടിക്കാട്ടുന്നതാണ്. ഇത്തരം നടപടികളേക്ക് കടക്കും മുമ്പ് നോട്ടീസ് നല്‍കുകയും കാരണം വ്യക്തമാക്കുകയും വേണമെന്ന് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വേഴ്‌സസ് സണ്‍ബീം ഹൈടെക് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതാണ്.
ബാല്‍ കിഷന്‍ ദാസ് വേഴ്‌സസ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കേസില്‍ 2010ല്‍ ഡല്‍ഹി ഹൈക്കോടതിയും കാരണം കാണിക്കല്‍ നോട്ടീസിന്റെ ആവശ്യകത എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്തിടെയുണ്ടായ ഒഴിപ്പിക്കലിലൊന്നും ഈ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല.