ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രന്ദിക്പൂരിലെ ഛപര്വാഡിലാണ് ദാരുണമായ സംഭവം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെടുകയായിരുന്നുവെന്ന് പറയുന്നു.
36-72 മണിക്കൂര്‍ മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കുട്ടിയുടെ അകന്നു ബന്ധുവായ യുവാവ് വീട്ടില്‍ വരികയും കുട്ടിക്കും മറ്റ് സഹോദരിമാര്‍ക്കുമൊപ്പം കളിക്കാന്‍ കൂടുകയും ചെയ്തുവെന്ന് ഇവരുടെ മുത്തച്ഛന് പറയുന്നു. പിന്നീട് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയേയുമെടുത്ത് പോകുകയായിരുന്നുവെന്ന് മുത്തച്ഛന് പറഞ്ഞു. ബന്ധുവായതിനാല്‍ അയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിസ്ഥലത്ത് നിന്ന് തിരിച്ചെത്തിയിട്ടും ഇയാളും കുട്ടിയും തിരിച്ചെത്തിയില്ല. തുര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ദാഹോദ് പൊലീസില്‍ ബന്ധുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. പിന്നീട് ഇയാള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. കുട്ടിയുടെ മാതാപിതാക്കള്‍ മകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്. എന്നാല്‍ പൊലീസുകാരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുട്ടിയെക്കുറിച്ച് പറഞ്ഞു. പിന്നീട് തിങ്കളാഴ്ച രാത്രി കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.