X
    Categories: indiaNews

പഞ്ചാബിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ലൈറ്റ് ഫ്രെയിമുകൾ വീണ് രണ്ടു സ്ത്രീകൾ മരിച്ചു

പഞ്ചാബിലെ ലുധിയാനയിൽ നവരാത്രി ജാഗരൺ ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണികൾക്കിടയിലേക്ക് ലൈറ്റ് ഫ്രെയിമുകൾ വീണ് രണ്ടു സ്ത്രീകൾ മരിച്ചു, 15 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകൾ ഇളകിവീണത്.

ലുധിയാനയിലെ ദ്വാരിക എൻക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമായിരുന്നു ആഘോഷ ചടങ്ങ്. രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരണത്തിന് കീഴടങ്ങി. കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ പലരെയും പ്രാഥമിക വൈദ്യ ശുശ്രൂഷക്ക് ശേഷം ഡിസ്ചാർജ് ചെയതു. അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീശിയടിച്ച ശക്തമായ കാറ്റിന്റെ ഫലമായാണ് ഇരുമ്പ് തൂണുകൾ തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേർ പുറത്തുപോകാൻ തുടങ്ങിയെങ്കിലും സംഘാടകർ അവരെ ഇരിക്കാൻ നിർബന്ധിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടികളിലും ഉത്തരവാദിത്തത്തിലും എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് സംഭവത്തെക്കുറിച്ച് ഊർജിത അന്വേഷണം തുടരുകയാണ്.

webdesk13: