X

റോഡപകടങ്ങളില്‍ 41 ശതമാനവും ഇരുചക്ര വാഹനയാത്രികര്‍; കൂടുതല്‍ അപകടം എറണാകുളത്ത്

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 1.86 ലക്ഷം വാഹന അപകടങ്ങള്‍. ഇത്രയും അപകടങ്ങളിലായി 19,460 പേര്‍ മരിച്ചു. അപകടങ്ങള്‍ക്കിരയാവുന്ന 60.5 ശതമാനം പേരും യുവാക്കളാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം അപകടങ്ങളില്‍ 18നും 25നുമിടയില്‍ പ്രായമുള്ള 8,154 പേരാണ് ഇരയായത്. അപകടങ്ങള്‍ കൂടുതല്‍ എറണാകുളം ജില്ലയിലും മരണം കൂടുതല്‍ തിരുവനന്തപുരത്തുമാണ്. വയനാടാണ് അപകടങ്ങള്‍ ഏറ്റവും കുറവ്. 2018 മുതല്‍ 2022 വരെയുള്ള റോഡപകടങ്ങള്‍ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റോഡപകടങ്ങളില്‍പ്പെടുന്നതില്‍ പകുതിയോളം ഇരുചക്ര വാഹനങ്ങളാണ്. 76,734 ഇരുചക്ര വാഹനങ്ങള്‍ ആണ് ഈ കാലയളവില്‍ അപകടത്തില്‍ പെട്ടത്. 7733 പേര്‍ ഇരു ചക്രവാഹനപകടങ്ങളില്‍ മരിച്ചു. രണ്ടാം സ്ഥാനത്ത് കാറപകടങ്ങളാണ്. 53,519 അപകടങ്ങളില്‍ 4,180 പേര്‍ മരിച്ചു. 2018-2022 കാലയളവില്‍ എറണാകും ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത്. ആകെ അപകടങ്ങളുടെ 14.88 ശതമാനവും എറണാകുളത്താണ്. ഈ കാലയളവിലുണ്ടായ റോഡപകടങ്ങളില്‍ 9.89 ശതമാനം അപകടങ്ങളും ഒന്നോ അതിലധികമോ മരണങ്ങള്‍ക്ക് ഇടയാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് പത്ത് വീതം അപകടങ്ങളില്‍ ഒരാള്‍ മരിക്കുന്നു.

ആകെ അപകടങ്ങളില്‍ 41 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. 23 ശതമാനമാണ് ദേശീയപാതയിലെ അപകടങ്ങള്‍. 20 ശതമാനം അപകടങ്ങള്‍ സംസ്ഥാന പാതയിലും, 57 ശതമാനം അപകടങ്ങള്‍ ജില്ലാ-ഗ്രാമീണ മറോഡുകളിലും സംഭവിച്ചു. ഡിസംബര്‍, ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍, മഞ്ഞുകാലം എന്നിവയാണ് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം താരതമ്യേന മഴക്കാലത്ത് അപകടങ്ങളുടെ തോത് കുറഞ്ഞെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2020ല്‍ മാത്രമാണ് റോഡപകടങ്ങളില്‍ വലിയ കുറവുണ്ടായത്.

2018 മുതല്‍ 2022 വരെയുള്ള അപകടങ്ങളുടെ കണക്ക്
(അപകടം, ഇരയായവര്‍, മരണം ക്രമത്തില്‍)

തിരുവനന്തപുരം 23524 28099 2411
കൊല്ലം 16366 18931 1999
പത്തനംതിട്ട 7238 9184 759
ആലപ്പുഴ 16230 20331 1693
കോട്ടയം 12993 15917 1272
ഇടുക്കി 5352 7084 451
എറണാകുളം 27590 31529 2197
തൃശൂര്‍ 20005 24692 1920
പാലക്കാട് 10914 13675 1643
മലപ്പുറം 11907 14727 1589
കോഴിക്കോട് 6115 19346 1620
വയനാട് 3102 4158 321
കണ്ണൂര്‍ 10524 14124 1077
കാസര്‍കോട് 4515 6206 516

webdesk11: