X
    Categories: Views

റാസല്‍ഖൈമയില്‍ രണ്ടു വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് മലയാളിയടക്കം 2 മരണം; നാലു പേര്‍ക്ക് പരിക്കേറ്റു

 

ദുബൈ: റാസല്‍ഖൈമയില്‍ രണ്ടു വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് മലയാളിയടക്കം രണ്ടു പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തയായി വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം സംബന്ധിച്ച വിവരം റാക് പൊലീസ് ഓപറേഷന്‍സ് റൂമില്‍ ലഭിച്ചത്. നിര്‍മാണത്തിലുള്ള പുതിയ റിംങ് റോഡിലേക്ക് സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പുകളും അവഗണിച്ച് ഈ വാഹനങ്ങള്‍ പ്രവേശിച്ചതാണ് അപകടം വരുത്തി വെച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു വാഹനത്തിലെ നാല്‍പത്താറുകാരനായ ഡ്രൈവറും കൂടെയുണ്ടായിരുന്ന 32 വയസുള്ളയാളുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയും രണ്ടാമത്തെയാള്‍ പാക്കിസ്താനിയുമാണെന്ന് അറിയുന്നു. എന്നാല്‍, പേരും മറ്റു വിശദാംശങ്ങളും അറിയാനിരിക്കുന്നതേയുള്ളൂ. ഇതേ വാഹനത്തിലെ മറ്റു പേര്‍ക്ക് നിസാര പരിക്കേറ്റു. മറ്റേ വാഹനത്തിലെ 21കാരനായ ഡ്രൈവര്‍ക്കും 39കാരനായ യാത്രക്കാരനും നിസാര പരിക്കേറ്റുവെന്നും റാക് പൊലീസ് ജനറല്‍ ഡയറക്ടറേറ്റിലെ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ഹാമിദിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഹനമോടിക്കുമ്പോള്‍, വിശേഷിച്ചും നിര്‍മാണ ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുല്‍റത്താന്‍ ബ്രിഗേഡിയര്‍ അല്‍ഹാമിദി ഡ്രൈവര്‍മാരെ ഉണര്‍ത്തി.

chandrika: