ദമ്മാം: മക്കയില്‍ നിന്ന് ഉംറ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരായ രണ്ട് പേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗലാപുരം സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. കൂടെ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുടുംബം സാരമായ പരിക്കുകളോടെ കിംഗ് അബ്ദുല്‍ അസീസ് ആസ്പത്രയില്‍ ചികിത്സയിലാണ്.
മരിച്ച അബ്ദുല്‍ ഖാദറിന്റെയും ബാവയുടെയും മയ്യിത്തുകളും ഇതേ ആസ്പത്രി മോര്‍ച്ച റിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. റെഡ് ക്രസന്റും ഹൈവേപെട്രോള്‍ പോലീസും ചേര്‍ന്ന് ഇവരെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് (വ്യാഴം ) വൈകുന്നേരത്തോടെ ദമ്മാമില്‍ നിന്ന് നൂറ്റി അമ്പത് കിലോമീറ്റര്‍ അകലെ റിയാദ്-ജുബൈല്‍ ഹൈവേയിലായിരുന്നു അപകടം. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അബ്ദുല്‍ ഖാദറും കുടുംബവും സ്വന്തം വാഹനത്തില്‍ കഴിഞ്ഞ ദിവസമാണ് മക്കയിലേക്ക് പോയത്. ഉംറ തീര്‍ത്ഥാടനം കഴിഞ് ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. ഇരുപത്തിഅഞ്ച് വര്‍ഷമായി അബ്ദുല്‍ ഖാദര്‍ ജുബൈലില്‍ ഉണ്ട്. ഭാര്യാപിതാവ് ബാവ ഈയ്യടുത്താണ് സന്ദര്‍ശക വിസയില്‍ സഊദിയില്‍ എത്തിയത്. വിവരമറിഞ് കിഴക്കന്‍ പ്രവിശ്യയിലുള്ള ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.