സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കക്കാടംപൊയിലിന് സമീപം ആനക്കല്ലുംപാറ വളവില്‍ ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ ബിരുദ വിദ്യാര്‍ഥികളും വേങ്ങര സ്വദേശികളുമായ അസ്ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകട സമയത്ത് മൂന്നുപേരാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴെയുള്ള തോട്ടിലാണ് മൂവരെയും പരിക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂവരെയും മുകളിലെത്തിച്ച് ആശുപത്രിയിലാക്കിയത്.മൂവരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാന്‍ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് അപകടം. അസ്ലം, അര്‍ഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.