അമൃത്സര്‍: പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദളിന് തിരിച്ചടി. രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹേഷ് ഇന്ദര്‍ സിങ്, രാജ്‌വീന്ദര്‍ കൗര്‍ ഭാഗികെ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഭഗ്ഹാപുരാണ, വാല എന്നീ അസംബ്ലി സീറ്റുകളാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരും പങ്കെടുത്തു.
ഇരുവരുടെയും കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ എ.എ.പിയില്‍ നിന്നും അകാലിദളില്‍ നിന്നും ഇനിയും ആളുകള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളൊന്നും വെക്കാതെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. അകലാദള്‍ നേതൃത്വവുമായുള്ള പിണക്കമാണ് ഇവരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത്.
നേരത്തെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എ.എപിയിലേക്ക് പ്രവേശിക്കില്ലെന്ന് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി അകാലിദള്‍ സഖ്യകീഴിലാണ് പഞ്ചാബ് ഭരണം.