മമ്പാട് സ്കൂട്ടര്‍ അപകടത്തില്‍പെട്ട് മൂന്ന് വയസ്സുകാരനുള്‍പ്പടെ ഒരു കുടുംബത്തിലെ രണ്ട് പേര് മരിച്ചു. നടുവക്കാട് ചീരക്കുഴിയില്‍ സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷമി, സഹോദരന്റെ മകന് ധ്യാന്‍ ദേവ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10.30നായിരുന്നു അപകടം സംഭവിച്ചത്. ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമാവുകയും കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ ധ്യാന്‍ ദേവിന് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. പരിക്കേറ്റ ഷിനോജിനെയും കുട്ടിയെയും വിദഗ്ധ ചികിത്സക്കുവേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍.