ജറൂസലം: മസ്ദിജുല്‍ അഖ്‌സയിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ രണ്ടു ഫലസ്തീനികളെക്കൂടി ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു.
ജറൂസലമിലെ അല്‍ എയ്‌സാറിയ നഗരത്തില്‍ ഇസ്രാഈല്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഉദയ് നവാജഅ എന്ന പതിനേഴുകാരന്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ അബൂ ദിസ് ഗ്രാമത്തില്‍ മറ്റൊരു പതിനെട്ടുകാരനും വെടിയേറ്റ് മരിച്ചു. ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറു നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതായി ഇസ്രാഈല്‍ പറയുന്നു.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇസ്രാഈല്‍ വെസ്റ്റ്ബാങ്കിലേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് ഇസ്രാഈല്‍ കുടിയേറ്റക്കാരെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന്റെ വീട്ടിലേക്ക് സൈനികര്‍ ഇരച്ചുകയറി. യുവാവിന്റെ സഹോദരങ്ങളില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത സൈനികര്‍ വീട് സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള തയാറെടുപ്പിലാണ്.
മസ്ജിദുല്‍ അഖ്‌സയിലെ പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതിനെതിരെ തുടരുന്ന പ്രക്ഷോഭത്തിനിടെ ഇസ്രാഈല്‍ സേന ഇതുവരെ അഞ്ച് ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും.
മസ്ജിദുല്‍ അഖ്‌സയിലെ തല്‍സ്ഥിതിക്ക് കോട്ടം വരുത്തുന്ന നടപടിയില്‍നിന്ന് പിന്മാറാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രാഈലിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വീഡന്‍, ഈജിപ്ത്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി അടിയന്തര യോഗം ചേരുന്നത്.
- 7 years ago
chandrika
Categories:
Video Stories