കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്‍ കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടവെ സംഭവം മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുകയാണ്.കൂടെ രക്ഷപ്പെട്ട മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഇഖ്ബാല്‍ (25), എന്നിവരും ആസ്പത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഡി ആന്റ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ രണ്ട് മാസമായി ജോലിക്കെത്തിയതായി മുഹമ്മദ് സഹീര്‍ പറയുന്നു.
അഞ്ച് പേര്‍ വീതം രണ്ട് ഭാഗത്തായി ജോലി ചെയ്യുമ്പോള്‍ ആദ്യ ബാച്ചിലെ അഞ്ച് പേര്‍ മണ്ണിടിഞ്ഞ് അടിയിലായി. താന്‍ ഓടിയെങ്കിലും എതിര്‍വശത്തു നിന്നും മണ്ണിടിയുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ സ്ഥിതി എന്താണെന്ന് തിരക്കുകയാണ് ഏറെ വൈകിയും മുഹമ്മദ് സഹീര്‍ .തന്റെ പിതാവിന്റെ സഹോദരനായ കിസ്മത്ത് മരിച്ച വിവരമൊന്നും ഈ യുവാവ് അറിഞ്ഞിട്ടില്ല. താഹിറിന്റെ മകനായ കിസ്മത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രക്ഷപ്പെട്ട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നുമില്ല. മരിച്ച കിസ്മത്തിന്റെ മൃതദേഹം നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും കസബ പോലീസ്സ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചു.സംഭവത്തില്‍ മണ്ണിനടിയില്‍ നിന്നും കിട്ടിയ ജബ്ബാറി(43) ന്റെ മൃതദേഹം രാത്രി 8.30 ഓടെ ഫയര്‍ഫോഴ്‌സ്‌മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചു.രണ്ട് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. എംബാം ചെയ്ത ശേഷം ഇവ സ്വദേശമായ ബീഹാറിലേക്ക് കൊണ്ടു പോകും.
ഒമ്പത്‌നില കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടില്‍ രണ്ടുനിലയും പണിയുന്നുണ്ട്. ഇതിന്റെ പ്രാരംഭജോലികള്‍ നടക്കുകയായിരുന്നു.
ബീച്ചില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ്് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ കുഴിയെടുക്കുന്നത് പിന്നീടാവാമെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടതായി അറിയുന്നു. എന്നാല്‍ കരാറുകാരന്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ. ഇരുപതിലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോഡ് കണക്കിന് മണ്ണ് വീണു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. കിസ്മത്തിനെയാണ് ആദ്യം മണ്ണില്‍ നിന്ന് കണ്ടെത്തിയത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ജബ്ബാറിന്റെ മൃതദേഹം അവസാനമാണ് കണ്ടെത്തിയത്. ഏഴരയോടെയായിരുന്നു ഇത്. കസബ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഫയര്‍ഫോഴ്‌സും പൊലീസും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
പരിചരണത്തിന് സി എച്ച് സെന്റര്‍ വളണ്ടിയര്‍മാര്‍
കോഴിക്കോട്: നഗരത്തില്‍ മണ്ണിടിഞ്ഞ് 2 പേര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഉണ്ടായപ്പോള്‍ ആസ്പത്രിയിലോ, മോര്‍ച്ചറി പരിസരത്തോ ആരേയും കാണാതിരുന്നത് ആശ്ചര്യമായി.വാര്‍ത്താ ചാനലുകാരും മറ്റും എത്തുമ്പോള്‍ വന്‍ ജനാവലി എത്താറുണ്ടായിരുന്നു – എന്നാല്‍ മരിച്ചവരും പരിക്കേറ്റവരും ബീഹാറികള്‍ ആയതു കൊണ്ട് ആരേയും കാണാനുണ്ടായില്ല. പരിക്കേറ്റവര്‍ക്ക് ആസ്പത്രിയില്‍ സി എച്ച്.സെന്റര്‍ വളണ്ടിയര്‍മാരായ ഇബ്രാഹിം ഓമാനൂര്‍, സലീം കാരന്തൂര്‍ എന്നിവരാണ് പരിചരണത്തിന് ഉണ്ടായിരുന്നത്.